കാഞ്ഞങ്ങാട്: സൈബർ ബുള്ളിയിങ്ങ് കേസിലെ പ്രതി അരുൺ വിദ്യാധരൻ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തത് വ്യാജപേരിൽ. ഈ മാസം രണ്ടിന് വൈകീട്ട് 6.30ന് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് അരുൺ മുറിയെടുത്തത്.
രാജേഷ് കുമാർ, മുക്കത്ത് കടവിൽ, പെരിന്തൽമണ്ണ, മലപ്പുറം എന്നാണ് ലോഡ്ജ് ജീവനക്കാർക്ക് മേൽവിലാസം നൽകിയത്. കൈതച്ചക്ക കൊണ്ടുപോകുന്ന സംഘത്തിലെ ഡ്രൈവറാണെന്നാണ് പറഞ്ഞത്. ലോറി ലോഡ്ജിന് സമീപം പാർക്ക് ചെയ്തതായും ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നു.
ലോഡ്ജിൽ മുറിയെടുത്ത ദിവസവും പിറ്റേന്ന് ഉച്ചവരെയും ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. എന്നാൽ മൂന്നിന് 12മണിക്കുശേഷം മുറി അടച്ചനിലയിലായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴുമണി കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെതുടർന്ന് ജനലിലൂടെ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്.
ഉടൻതന്നെ ഹോസ്ദുർഗ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കോട്ടയത്തെ കേസിലെ പ്രതിയാണെന്ന് വ്യക്തമായത്.
കീശയിൽനിന്ന് മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകളും രണ്ടു തിരിച്ചറിയൽ കാർഡുകളും ലഭിച്ചു. 2000 രൂപയുമുണ്ടായിരുന്നു. മുറിയിൽനിന്നും കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽനിന്നാണ് കടുത്തുരുത്തി പൊലീസ് തേടുന്ന കേസിലെ പ്രതിയാണെന്ന് വ്യക്തമായത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിദഗ്ധ പോസ്റ്റുമോർട്ടം വേണമോയെന്ന കാര്യം ഇന്ന് തീരുമാനിക്കും.
അരുണിനെ തേടിപ്പോയ പൊലീസ് സംഘം തമിഴ്നാട്ടിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്. ഇന്നു രാവിലെ എത്തും. അരുണിന്റെ ടവർ ലൊക്കേഷൻ കോയമ്പത്തൂരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് തമിഴ്നാട്ടിലേക്ക് പോയത്. അരുൺ കോയമ്പത്തൂരിൽ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചതെന്നാണ് സംശയിക്കുന്നത്.
ലോഡ്ജിൽ മുറിയെടുക്കുന്ന സമയത്ത് തിരിച്ചറിയൽകാർഡ് പരിശോധിക്കാത്തതിനാൽ ലോഡ് ജീവനക്കാരെ പൊലിസ് ചോദ്യം ചെയ്യും. ലോഡ്ജിലെ ലെഡ്ജർ പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.