കാഞ്ഞങ്ങാട്: പുല്ലർ പൊള്ളക്കടയിൽ രാത്രി വ്യാപാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രണ്ടംഗ സംഘം കടന്നു. പണം കൈക്കലാക്കിയ ശേഷം രാവിലെ ബാഗും രേഖകളും കടയിലെത്തിച്ച് മോഷ്ടാവിന്റെ 'സന്മനസ്സ്'. പൊള്ളക്കടയിൽ അനാദിക്കട നടത്തുന്ന ഗോവിന്ദന്റെ പണമടങ്ങിയ ബാഗാണ് രണ്ടംഗ സംഘം തട്ടിയെടുത്തത്.
ചൊവ്വ രാത്രി 10.30ഓടെ കടയടച്ച് പോകാൻ തുടങ്ങിയ സമയം ഒരാൾ പഴം വാങ്ങാനെത്തി. ഗോവിന്ദൻ പൂട്ടിയ കട വീണ്ടും തുറന്ന് പഴമെടുക്കുന്ന സമയം വന്ന ആൾ പഴം വാങ്ങാതെ ഓടുന്നതും റോഡിൽ നിർത്തിയ മറ്റൊരാളുടെ മോട്ടോർ ബൈക്കിൽ കയറി സ്ഥലം വിടുന്നതും ഗോവിന്ദൻ കണ്ടു.
വീണ്ടും കടയടച്ചുപോകാൻ നോക്കുമ്പോഴാണ് പുറത്തുവെച്ച ബാഗ് പ്രതി മോഷ്ടിച്ച് കടന്നുകളഞ്ഞതായി അറിയുന്നത്. 5000 രൂപയോളം ബാഗിലുണ്ടായിരുന്നു. അമ്പലത്തറ പൊലീസ് രാത്രി സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടയിലാണ് ബുധനാഴ്ച രാവിലെ ബാഗ് കടവരാന്തയിൽ കാണുന്നത്. പണം ഒഴികെ ബാഗിലുണ്ടായിരുന്ന രേഖകളെല്ലാം അതേപടി ഉണ്ടായിരുന്നു. പരിസരത്തെ സി.സി.ടി.വി കാമറ പരിശോധിച്ചതിൽ രാവിലെ ചെറുപ്പക്കാരൻ ബാഗ് കടയിൽവെച്ച് സ്ഥലം വിടുന്ന ദൃശ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.