കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കടപ്പുറത്ത് ഡി.ടി.പി.സി നേതൃത്വത്തിൽ ഒരു കോടി രൂപയോളം ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കൈറ്റ് ബീച്ച് നോക്കുകുത്തിയായി. ജില്ലയിലെ ടൂറിസം വികസനത്തിന് വേഗത കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ബീച്ച് പാർക്ക് പൂർത്തിയാക്കിയത്. കൈറ്റ് ബീച്ച് പാർക്ക് ഉദ്ഘാടനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
കോവിഡിന്റെ അവസാന നാളുകളിൽ നിർമാണം പൂർത്തിയാക്കിയതാണ്. ടൂറിസം മന്ത്രിയുടെ സൗകര്യത്തിനു വേണ്ടിയാണ് ഉദ്ഘാടനം നീളുന്നത്. നിർമാണം പൂർത്തിയായിക്കഴിഞ്ഞതിനു ശേഷം മന്ത്രി നിരവധി തവണ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയിരുന്നുവെങ്കിലും കൈറ്റ് ബീച്ച് ഉദ്ഘാടനം നടക്കാതെ പോയി. ഉദ്ഘാടനം നടത്താതെ തുറന്നുകൊടുക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. ബീച്ച് പാർക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ നൽകി രണ്ടുമാസം പിന്നിടുകയാണ്. ജി.എസ്.ടി ഉൾപ്പെടെ മാസം 1,20,000 രൂപക്കാണ് നടത്തിപ്പിനുള്ള കരാർ നൽകിയത്. കരാർ നൽകി രണ്ടുമാസം പിന്നിടുമ്പോൾ രണ്ടര ലക്ഷം രൂപയോളമാണ് സർക്കാറിന് നഷ്ടമാകുന്നത്. പാർക്കിലെ സാധന സാമഗ്രികൾ പരിചരണമില്ലാതെ നാശോന്മുഖമാകുന്ന അവസ്ഥയിലെത്തി. മനോഹരമായ ഇരിപ്പിടങ്ങൾ കാക്കകളുൾപ്പെടെയുള്ള പക്ഷികൾ വൃത്തി ഹീനമാക്കിയ നിലയിലുമായി.
ഭക്ഷണശാല, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ശൗചാലയം, കരകൗശല വസ്തുക്കളുടെ വില്പന ശാല, തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുംവിധമുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്.
കാഞ്ഞങ്ങാട് ഭാഗത്തെത്തുന്നവർക്ക് വിനോദത്തിനുള്ള കേന്ദ്രം കൂടെ ആ കേണ്ടതാണ് കൈറ്റ് ബീച്ച്. കാഞ്ഞങ്ങാടിന്റെ തീരദേശത്ത് ടൂറിസം സാധ്യത മുന്നിൽകണ്ടാണ് കൈറ്റ് ബീച്ച് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.