കാഞ്ഞങ്ങാട്: നിർമാണം പുരോഗമിക്കുന്ന ജില്ലയിലെ ദേശീയപാത ചോരക്കളം. തുടർച്ചയായ വാഹനാപകട മരണങ്ങളാണ് ദേശീയപാതയിൽ റിപ്പോർട്ട് ചെയ്യുന്നത്. പെരിയ കേന്ദ്ര സർവകലാശാലക്കു മുന്നിൽ കാർ ഡിവൈഡറിൽ ഇടിച്ച് കുഴിയിലേക്ക് മറിയുകയും രണ്ടുപേർ മരിക്കുകയും ചെയ്തത് കഴിഞ്ഞദിവസമാണ്. പുലർച്ചയായിരുന്നു അപകടം.
തായന്നൂർ സ്വദേശികളാണ് വയനാട്ടുകുലവൻ തെയ്യം ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ്അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട കാരണത്താലാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്.
നിർമാണാവശ്യാർഥം സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ ഇടിക്കുകയോ റോഡ് നിർമാണത്തിന് തീർത്ത വലിയ കുഴിയിലേക്ക് വാഹനങ്ങൾ വീണോ ആണ് അപകടങ്ങൾ സംഭവിക്കുന്നത്. ജില്ലയിൽ ദേശീയപാതയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പണി പുരോഗമിക്കുകയാണ്. വലിയ ചാലുകൾ കീറിയും കുഴികൾ എടുത്തു നിർമാണം നടക്കുകയാണ്.
സാധനസാമഗ്രികൾ വലിയതോതിൽ കൂട്ടിയിരിക്കുകയാണ് റോഡിൽ നിർമാണം നടക്കുമ്പോഴും വാഹനങ്ങളുടെ വേഗതക്ക് കുറവൊന്നുമില്ല. നൂറുകണക്കിന് വാഹനങ്ങൾ തിങ്ങിനിരങ്ങി കടന്നുപോകുമ്പോഴും പല വാഹനങ്ങളും അമിതവേഗതയിൽ ഓടുന്നു. നിർമാണസ്ഥലത്ത് വേഗത കുറക്കാത്തത്, ശ്രദ്ധ ഇല്ലായ്മയും അപകടങ്ങൾക്ക് കാരണമാകുന്നു. പെരിയയിൽ ഏതാനും മാസം മുമ്പുണ്ടായ അപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്ക് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ അടുത്തിടെയാണ് യുവാവ് മരിച്ചത്.
ജില്ല ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞയാഴ്ച ഡോക്ടറുടെ കാർ ലോറിയിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. മാവുങ്കാലിൽ ബസ് അപകടത്തിൽ കെ.എസ്.ആർടിസി ഡ്രൈവർക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. കഴിഞ്ഞയാഴ്ച വെള്ളൂരിൽ ടാങ്കർ ലോറിയും മോട്ടോർ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുശാൽനഗർ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് സൗത്തിൽ കാറുകളും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്കു പരിക്കേറ്റു.
കാസർകോട് ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിൽ കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായി. സ്കൂൾ വാഹനങ്ങളും സ്വകാര്യബസുകളും കാറുകളും മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷയും ഉൾപ്പെടെ അപകടത്തിൽ പെട്ടു.
റോഡ് നിർമാണം തകൃതിയിൽ പുരോഗമിക്കുന്നതിനാൽ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനം ഓടിച്ചാൽ മാത്രമേ അപകടം ഒരു പരിധി വരെ കുറക്കാൻ കാരണമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.