കാഞ്ഞങ്ങാട്: സ്നാപ്പ്ചാറ്റ് വഴി പരിചയപ്പെട്ട 14കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ കത്രിക ഉപയോഗിച്ച് കഴുത്തിനും കൈക്കും മുറിവേൽപിച്ചു. തടയാൻ ശ്രമിച്ച രണ്ട് പൊലീസുകാരുടെ കൈക്ക് മുറിവേറ്റു. ഒരാളുടെ പരിക്ക് സാരമാണ്. അമ്പലത്തറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. അറസ്റ്റുചെയ്ത് അമ്പലത്തറ സ്റ്റേഷനിലെത്തിച്ച കാസർകോട് ഉളിയത്തടുക്ക സ്വദേശി മുഹമ്മദ് സാദിഖാണ് (21) പരാക്രമം കാട്ടിയത്.
സ്റ്റേഷനിലെ തട്ടിന് പുറത്തുനിന്നും കത്രിക കൈക്കലാക്കി മറ്റൊരു മുറിയിലേക്ക് ചാടിക്കയറിയ യുവാവ് കഴുത്തിനും കൈക്കും സ്വയം മുറിവേൽപിക്കുകയായിരുന്നു. പൊലിസുകാരായ പ്രശാന്ത്, സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രശാന്തിനാണ് സാരമായി പരിക്കേറ്റത്. യുവാവിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണിത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പോക്സോ കേസിലുമാണ് അറസ്റ്റുചെയ്തത്. അമ്പലത്തറ സ്റ്റേഷൻ പരിധിയിലെ 14 കാരിയെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോയത്.
സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥിനി സ്കൂളിലെത്താത്തതിനെതുടർന്ന് മാതാവ് പരാതി നൽകിയതിനെ തുടർന്നാണ് യുവാവിനെ സൈബർസെൽ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. രാവിലെ എട്ടരക്കാണ് വിദ്യാർഥിനി വീട്ടിൽ നിന്നുമിറങ്ങിയത്. അതിനിടെ വിദ്യാർഥിനി സ്നാപ്പ് ചാറ്റ് ഉപയോഗിക്കാറുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
നാലുമാസമായി യുവാവ് വിദ്യാർഥിനിയുമായി സ്നാപ്പ് ചാറ്റിൽ ബന്ധപ്പെട്ടു വരികയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം അറസ്റ്റിലായ മുഹമ്മദ് സാദിഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂൽ മുറിക്കാൻ സൂക്ഷിച്ച കത്രിക ഉപയോഗിച്ചായിരുന്നു യുവാവ് മുറിവേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.