കാഞ്ഞങ്ങാട്: കള്ളാറിൽ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട, നിരവധി കേസുകളിലെ പ്രതിയെ പൊലീസ് വീടുവളഞ്ഞ് പിടികൂടി. കുറ്റിക്കോൽ കളക്കരയിൽ താമസിക്കുന്ന ടി.ടി. പ്രമോദിനെയാണ് (54) പൊലീസ് സംഘം അട്ടേങ്ങാനം തട്ടുമ്മലിലെ വീടു വളഞ്ഞ് പിടികൂടിയത്.
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. രാജപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജയരാജൻ (46), കെ.നാരായണൻ (45) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും പടങ്കല്ല് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ, രണ്ടയിൽ വീട്ടിൽ സ്വദേശിയായ പ്രമോദ് ആറു വർഷമായി കുറ്റിക്കോൽ കളക്കരയിൽ താമസക്കാരനാണ്.
പ്രമോദിന്റെ ജീവിതരീതിയും പ്രവൃത്തിയും ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതി തട്ടുമ്മൽ പൊടവടുക്കത്തെ, ഭാര്യയെന്ന് പറയുന്ന സ്ത്രീയുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന് നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത്. തുടർന്ന് അഞ്ചംഗ പൊലീസ് സംഘം രാത്രി വീട് വളഞ്ഞു.
വീട്ടിൽനിന്ന് ഇറങ്ങിയോടിയ പ്രമോദിനെ പൊലീസ് പിന്തുടർന്നു. ഓടുന്നതിനിടെ ഒരു പൊലീസുകാരൻ വലിയ കുഴിയിൽ വീണെങ്കിലും പ്രതിയെ രക്ഷപ്പെടാൻ വിട്ടില്ല. ഏറെനേരം പിന്തുടർന്നാണ് പ്രമോദിനെ കീഴടക്കിയത്. മാനടുക്കം പാടി മയാസനത്തിൽ എം.ബി. മദനമോഹനെ കവർച്ചക്കും ആക്രമണത്തിനുമിരയാക്കിയതിനാണ് പ്രമോദിനെ അറസ്റ്റ് ചെയ്തത്.
പെരുമ്പള്ളിയിൽ പ്രതി രണ്ട് കടകൾ നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രമോദിന്റെ പേരിൽ 13ഓളം കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് ഭാര്യമാരെ കൂടാതെ പ്രമോദിന് മറ്റ് ജില്ലകളിലും ഭാര്യമാരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രാജപുരം എസ്.ഐ എൻ. രഘുനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ജയരാജ്, കെ. നാരായണൻ, രതീഷ്, സന്തോഷ് കെ. ഡോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.