കാഞ്ഞങ്ങാട്: വീട്ടിൽനിന്ന് ഏഴുപവൻ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം ചേതനനഗർ 165ലെ വാളത്തുങ്കൽ ഉണ്ണി മുരുകനാണ് (30) പിടിയിലായത്. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ താഴത്തുങ്കാൽ സി.വി. ഗീതയുടെ വീട്ടിൽ കവർച്ച നടത്തിയശേഷം മുങ്ങുകയായിരുന്നു. ഗീതയും മാതാവും വീട് പൂട്ടി പുറത്തുപോയതായിരുന്നു. അലമാരയുടെ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ മോഷണംപോയത്. കഴിഞ്ഞ ആഴ്ച പകൽ 12.30നും നാലിനും ഇടയിലാണ് കവർച്ച. നാലു ലക്ഷം രൂപയുടെ ആഭരണം നഷ്ടപ്പെട്ടിരുന്നു.
വീടുപൂട്ടി താക്കോൽ ഇവർ പുറത്താണ് സൂക്ഷിച്ചത്. ഇതുവെച്ച് കവർച്ച നടത്തി താക്കോൽ പഴയ സ്ഥലത്തുതന്നെ വെച്ച് പ്രതി സ്ഥലംവിടുകയായിരുന്നു. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ, വിരലടയാളങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരുന്നു പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20ഓളം കേസുകളുണ്ട്. ഇതിൽ 17 കവർച്ച കേസുകളും ബാക്കി അടിപിടി കേസുകളുമാണ്. കാപ്പ പ്രകാരം ആറ് മാസം ജയിലിൽ കിടന്നിട്ടുണ്ട്. പ്രതിക്കെതിരെ മറ്റൊരു കേസിൽ വാറന്റ് നിലവിലുണ്ട്. കോഴിക്കോട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യൽ പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.