കാഞ്ഞങ്ങാട്: വിവാഹബന്ധം വേർപ്പെടുത്തിയ യുവതിയെയും രണ്ടു വയസ്സുള്ള കുട്ടിയെയും വിവാഹമോചന കേസിൽപ്പെട്ട ഭർത്താവും കൂട്ടാളിയും വീടിന്റെ വാതിൽ ചവിട്ടിപൊളിച്ച് തട്ടിക്കൊണ്ടുപോയി. കേസിൽ രണ്ട് പേർഅറസ്റ്റിലായി. യുവതിയുടെ മുൻ ഭർത്താവും ഡ്രൈവറുമായ ഞാണിക്കടവി പിള്ളേറെ പീടികയിലെ എൻ.പി. മുഹമ്മദ് ഫസിം (34), കാലിച്ചാനടുക്കം മയ്യങ്ങാനത്തെ പ്രവാസി സി.എ. മുഹ്സിൻ (28) എന്നിവരെയാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട്ട് നിന്ന് ബുധനാഴ്ച വൈകീട്ടാണ് ഇവരെ പിടികൂടിയത്. യുവതിയെയും കുട്ടിയെയും വനിത പൊലീസിന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കളുടെ കൂടെ വിട്ടയച്ചു. ഭീഷണിപ്പെടുത്തി കൊണ്ടുപോയതെന്ന് യുവതി പൊലീസിന് മൊഴി നൽകി.യുവതിയുടെ മാതാവിന്റെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നരക്കും രണ്ടിനും ഇടയിലാണ് സംഭവം. മേൽപ്പറമ്പ് കെ.എം ഹൗസിലെ അസൈനാറിന്റെ മകൾ ആയിഷത്ത് സിയാന (22)യെയും കുട്ടിയെയുമാണ് മുൻ ഭർത്താവ് പടന്നക്കാട് കരുവളം സ്വദേശി മുഹമ്മദ് ഫസീമും കണ്ടാലറിയുന്ന മറ്റൊരാളുംചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.
തടയാൻ ശ്രമിച്ച സിയാനയുടെ മാതാവ് കെ.എൻ. ഖൈറുന്നീസയെ (42) തള്ളിയിട്ട് ചവിട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. കാറിൽ വന്ന മുഹമ്മദ് ഫസീം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്ന സിയാനയും ഉമ്മയും വാതിൽ തുറക്കാൻ തയാറായില്ല.
ഇതോടെ ഫസീം വീടിന്റെ പിൻഭാഗത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ആയിഷത്ത് സിയാനയെയും രണ്ട് വയസ്സുള്ള കുട്ടിയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫസീമിനോടൊപ്പം പോകാൻ തയാറാവാത്ത സിയാനയെയും കുഞ്ഞിനെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വീടിനുപുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
നാട്ടുകാർ മേൽപറമ്പ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വ്യാപകമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. വാതിൽ ചവിട്ടിപ്പൊളിച്ചതിൽ അയ്യായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ജുലൈ 13നാണ് ആയിഷത്ത് സിയാന മുഹമ്മദ് ഫസീമിൽ നിന്നും വിവാഹമോചനം നേടിയത്. രണ്ടുവയസ്സുള്ള കുട്ടിക്ക് ചെലവിന് നൽകാൻ കോടതി വിധിച്ചിരുന്നുവെങ്കിലും തുക നൽകാതെ മുങ്ങുകയായിരുന്നു. ഇതുസംബന്ധിച്ച കേസും നടന്നുവരുന്നുണ്ട്. വിവാഹസമയത്ത് സിയാനയുടെ വീട്ടുകാർ നൽകിയ പന്ത്രണ്ടര പവൻ സ്വർണാഭരണം മുഹമ്മദ് ഫസീം പണയം വെച്ചിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടും കേസ് നടക്കുന്നുണ്ട്.
മേൽപറമ്പ സി.ഐ ടി. ഉത്തംദാസിന്റെയും എസ്.ഐ അരുൺ മോഹന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവർ സഞ്ചരിച്ച കാർ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.