കാഞ്ഞങ്ങാട്: കഴിഞ്ഞ പെരുന്നാൾ തലേന്ന് കാഞ്ഞങ്ങാട് ടൗൺ നൂറ് ജുമാ മസ്ജിദിൽനിന്ന് മോഷണം പോയ രണ്ട് ബാഗ് വസ്ത്രങ്ങൾ തേടിപ്പോയ പൊലീസ് പ്രതിയുടെ താമസസ്ഥലം കണ്ടു ഞെട്ടി. ഒരു വീടു നിറയെ മോഷ്ടിച്ച സാധനങ്ങൾ. ലോറിയിൽ കൊള്ളാവുന്ന അത്രയും! ഇരിയ സ്വദേശി ഫായിസിന്റെ പതിനായിരം രൂപ വില വരുന്ന വസ്ത്രങ്ങളാണ് കാണാതായത്. മഗ്രിബ് നമസ്കാര സമയത്ത് പള്ളിയുടെ മൂലയിൽ സൂക്ഷിച്ചതായിരുന്നു ബാഗ്. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങാൻ നേരത്താണ് ബാഗ് കാണാതായത് അറിഞ്ഞത്. പള്ളിയിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ ആരോഗ്യവാനായ പ്രായമുള്ള ഒരാൾ രണ്ട് ബാഗുകളും മറ്റ് പല സാധനങ്ങളും കൈക്കലാക്കി സ്ഥലംവിടുന്ന മൂന്ന് ദൃശ്യങ്ങൾ ലഭിച്ചു. വിലപ്പെട്ട രേഖകൾ ബാഗിലുണ്ടായിരുന്നതിനാൽ ഫായിസ് ഹോസ്ദുർഗ് പൊലീസിനെ സമീപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞദിവസം മുതൽ പൊലീസ് ഈ പരാതിയിൽ അന്വേഷണം ഊർജിതമാക്കി. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ് നിർദേശിച്ചതു പ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷൈജു സി.സി.ടി.വി ദൃശ്യം പിന്തുടർന്ന് ഇന്നലെ എത്തിയത് കുമ്പള ഷിറിയയിലായിരുന്നു.
കാമറ ദൃശ്യത്തിൽ പതിഞ്ഞ ആളെ കണ്ടെത്തിയ പൊലീസ് വീട് കണ്ടെത്തിയപ്പോഴാണ് അമ്പരിപ്പിക്കുന്ന കാഴ്ചകണ്ടത്. മോഷ്ടിച്ചു കൊണ്ടുവന്ന നൂറു കണക്കിന് കെട്ടുകളായിരുന്നു വീടിനകത്ത് നിറയെ. വീടിന്റെ പുറത്തും കുറെ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. തിരച്ചിലിനൊടുവിൽ വീട്ടിൽനിന്നും ഫായിസിന്റെ കണാതായ രണ്ട് ബാഗുകളും വസ്ത്രങ്ങളും കണ്ടെത്തി. എന്നാൽ രേഖകൾ ബാഗിലില്ലായിരുന്നു. ചോദ്യംചെയ്യലിൽ കടലാസുകൾ ഉൾപ്പെടെ ആക്രിക്കടയിൽ വിൽപന നടത്തിയെന്നാണ് പറഞ്ഞത്. വീട്ടിനുള്ളിൽ കൂമ്പാരമായി കെട്ടുകളുണ്ടായിരുന്നതിനാൽ മണിക്കൂറുകളോളം തിരഞ്ഞിട്ടും ഫായിസിന് സ്വന്തം ബാഗുകൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ നാട്ടുകാരുടെ സഹായം തേടി. തുടർന്നാണ് ബാഗുകൾ കണ്ടെത്തിയത്. ട്രെയ്നിൽ എ.സി. കമ്പാർട്ടുമെന്റിലെ യാത്രക്കാർക്ക് പുതയ്ക്കാൻ നൽകുന്ന ബെഡ് ഷീറ്റുകൾ വരെ മോഷണ ശേഖരത്തിലുണ്ടായിരുന്നു.
ആളുകൾ ദീർഘദൂര യാത്രക്ക് പോകുമ്പോൾ കൊണ്ടുപോകുന്ന പഴയ വസ്ത്രങ്ങൾ, സോപ്പ്, ചീപ്പ് പോലെയുള്ള സാധനങ്ങൾ, ചില്ലറ വീട്ടുസാധനങ്ങൾ, ഉപയോഗിച്ച ചെരിപ്പുകൾ ഉൾപ്പടെ ഒട്ടേറെ സാധനങ്ങളായിരുന്നു മോഷണ ശേഖരത്തിൽ കണ്ടത്. ചെറിയ സാധനങ്ങളായതിനാൽ ആളുകൾ പൊലീസിൽ പരാതിപ്പെടാറില്ലായിരുന്നു. ആക്രി സാധനക്കച്ച വടക്കാരനെന്ന് പറഞ്ഞായിരുന്നു ഇയാൾ ഇവിടെ വീട് വാടകക്കെടുത്തത്. എന്നാൽ, ഇയാൾ സ്വബോധത്തോടെയല്ല മോഷണങ്ങളെല്ലാം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന ആളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. അതിനാൽ തന്നെ കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.