ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഹോ​സ്ദു​ര്‍ഗ് കോ​ട​തി മു​റി സ​ന്ദ​ര്‍ശി​ക്കു​ന്നു

ജുഡീഷ്യറിയില്ലാതെ ജനാധിപത്യമില്ല -ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കാഞ്ഞങ്ങാട്: ജുഡീഷ്യറിയില്ലാതെ ജനാധിപത്യം ഉണ്ടാകില്ലെന്നും ജുഡീഷ്യറി എന്ന് ഇല്ലാതാകുന്നോ അന്ന് ജനാധിപത്യം ഇല്ലാതാകുമെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഹോസ്ദുര്‍ഗ് കോടതി കോംപ്ലക്‌സ് നിര്‍മാണത്തിന് ഭൂമി കൈമാറുന്ന ചടങ്ങും നവീകരിച്ച കെട്ടിടത്തില്‍ കുടുംബ കോടതിയുടെയും എം.എ.സി.ടിയുടെയും ക്യാമ്പ് സിറ്റിങ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എക്‌സിക്യൂട്ടിവായാലും പാര്‍ലമെന്റായാലും ലെജിസ്ലേറ്റിവായാലും ഒരോരുത്തരും അവരുടെ ഭാഗങ്ങള്‍ കൃത്യമായി ചെയ്തുകൊണ്ടിരിക്കുകയാണ്.

സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളെ കാണുമ്പോള്‍ ഏറെ പ്രചോദനമാണ്. ഏറെ അച്ചടക്കമുള്ള ഒരു തലമുറയാണ് നമ്മള്‍ കാണുന്ന ഈ കുട്ടികള്‍ . ഇവരിലൂടെ നമ്മുടെ ഭാവി ഏറെ മഹത്വമുള്ള കൈകളിലാണ്. കോടതികള്‍ക്ക് കഴിഞ്ഞ 30 വര്‍ഷമായി വലിയ മാറ്റങ്ങള്‍ ഒന്നുമില്ല.

ഈ പരിമിതികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണ് ജുഡീഷ്യറി കാഴ്ചവെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ഇത്രയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ജുഡീഷ്യറിക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കും.

ജുഡീഷ്യറിയെ ആശ്രയിക്കുന്നവര്‍ക്ക് അവരുടെ കണ്ണുകളില്‍ നോക്കി അവര്‍ക്കു വേണ്ടത് ചെയ്തുകൊടുക്കുമ്പോഴാണ് നീതിബോധം ഉണ്ടാകുന്നത്. അവിടെ നമ്മള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരു ഘടകമായി മാറുന്നില്ല. എന്നാലും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം മുഖ്യഘടകമാണ്.

കോടതിയുടെ അകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല, കോടതിയെ ആശ്രയിക്കുന്നവര്‍ക്കും അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. 10 കോടിയാണ് ഹോസ്ദുര്‍ഗ് കോടതിക്കായി അനുവദിച്ചതെന്ന് എം.എല്‍.എ അറിയിച്ചിട്ടുണ്ട്.

ഭാവികൂടി നോക്കിയാകണം കെട്ടിടം നിര്‍മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥലം കൈമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കാഞ്ഞങ്ങാട് സബ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ് നിര്‍വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍, ജില്ല പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, കുടുംബകോടതി ജഡ്ജി ടി.കെ. രമേശ് കുമാര്‍, ജില്ല ഗവ. പ്ലീഡര്‍ അഡ്വ. പി. ദിനേശ് കുമാര്‍, അഡ്വ. എം.സി. ജോസ്, അഡ്വ. പി. അപ്പുക്കുട്ടന്‍, അഡ്വ. എം.സി. കുമാരന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം. നാരായണ ഭട്ട്, അഡ്വ. പി.കെ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ. രാജമോഹനന്‍ സ്വാഗതവും ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി.കെ. സതീശന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട്ട് പുതിയ കോടതി കെട്ടിട സമുച്ചയ നിര്‍മാണത്തിനായി ഹോസ്ദുര്‍ഗ് കോടതിയുടെ സമീപമുള്ള 1.45 ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ് ജുഡീഷ്യറി വകുപ്പിന് കൈമാറി.

നിലവില്‍ പോക്സോ സ്പെഷല്‍ കോടതി, സബ്കോടതി, രണ്ട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവയും മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലൈംസ് ട്രിബ്യൂണല്‍ (എം.എ.സി.ടി.), കുടുംബ കോടതി എന്നിവയുമാണ് കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്നത്.

Tags:    
News Summary - There is no democracy without judiciary - Justice Devan Ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.