കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് ബീച്ചുകളിൽ വൻ ജനക്കൂട്ടം. കുട്ടികളടക്കമുള്ളവർ ജാഗ്രത വിട്ട് കടലിൽ ഇറങ്ങുന്നത് ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നു.കോവിഡ് സാഹചര്യത്തിൽ നിലവിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ മതിയായ ശ്രദ്ധ ചെലുത്താതെയാണ് കടലിൽ ഇറങ്ങുന്നത്.
കോവിഡ് ഭീതി നിലനിൽക്കെ കടലിൽ ഇറങ്ങി കുളിക്കാനോ കളിക്കാനോ പാടില്ല. മുതിർന്നവരും കുട്ടികളും ഒരുപോലെ കടലിൽ ഇറങ്ങിയാണ് വിനോദങ്ങളിൽ ഏർപ്പെടുന്നത്.പന്ത് എടുക്കാൻ പോകുന്നതിനിടെ ഒഴുക്കിൽപെട്ട സംഭവങ്ങൾപോലും ബേക്കൽ -പള്ളിക്കര ബീച്ചിലുണ്ടായിട്ടുണ്ട്. ബീച്ചിൽ വൈകീട്ട് ഏറെനേരം ഒരു നിയന്ത്രണവും ഇല്ലാതെ കുട്ടികൾ പന്തുകളികളിൽ ഏർപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.
ശനി, ഞായർ ദിവസങ്ങളിൽ 5000ത്തോളം ആളുകളും മറ്റ് ദിവസങ്ങളിൽ ആയിരത്തിനടുത്ത് ആളുകളും ബീച്ചിൽ എത്തുന്നുണ്ട്. ജില്ലയിൽ ലൈഫ് ഗാർഡുകളുടെ അഭാവവും വലിയ പ്രശ്നം തന്നെയാണ്. നിയന്ത്രിക്കാൻ ആരും ഇല്ലാത്തതുകൊണ്ടുതന്നെ കുട്ടികളും മുതിർന്നവരും പരിധിവിട്ടാണ് ബീച്ചുകളിൽ കളിക്കുന്നത്.
മുന്നറിയിപ്പുമായി പൊലീസ്
കടലിൽ നീന്തുന്നതിനിടെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ബീച്ചുകളിലെ സുരക്ഷാനിർദേശങ്ങൾ, അടയാളങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ആഴമുള്ള ഭാഗത്ത് നീന്തരുത്. മുങ്ങിമരണം ഒഴിവാക്കാൻ രാത്രിയിലെ നീന്തൽ ഒഴിവാക്കണം. കുട്ടികൾ നീന്താൻ പ്രാഗത്ഭ്യമുള്ളവരാണെങ്കിലും കർശനമായി അവരെ നിരീക്ഷിക്കണം. മുങ്ങിമരണം ഒഴിവാക്കാൻ കുട്ടികൾ സംരക്ഷണ ജാക്കറ്റ് ധരിക്കുന്നത് ഉറപ്പുവരുത്തണമെന്നും മാതാപിതാക്കളോട് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.