കാഞ്ഞങ്ങാട്: നഗരത്തിൽ വഴിവാണിഭക്കാർ സ്ഥാപിച്ച ഇരുമ്പ് സ്റ്റാൻഡുകൾ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് മണിക്കൂറുകൾക്കകം നഗരസഭ ഇടപെട്ട് എടുത്തുമാറ്റി. കോട്ടച്ചേരി പഴയ മെട്രോ പാലസിന് സമീപം സ്ഥാപിച്ച 11 തട്ടുകളാണ് നീക്കിയത്. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സ്ഥാപിച്ചത്.
വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കിവെച്ചതോടെ രാത്രി വ്യാപാരികൾ സംഘടിച്ച് എതിർപ്പുമായി രംഗത്തുവന്നു. ഇവിടെ വഴിയോരകച്ചവടം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് കച്ചവടം ചെയ്യാനായിരുന്നു സ്റ്റാൻഡ് കൊണ്ടുവന്നത്. ഓരോന്നിനും 3000 രൂപയോളം വിലയുണ്ട്. നഗരം വൃത്തിഹീനമാകാതിരിക്കാനും കച്ചവടം സുഗമമാക്കാനുമാണ് സ്റ്റാൻഡ് സ്ഥാപിച്ചതെന്ന് വഴിവാണിഭ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ഒരു മീറ്റർ വീതിയും നീളവുമുള്ള സ്റ്റാൻഡുകളാണിത്. സി.ഐ.ടി.യു വഴി വാണിഭ അസോസിയേഷന്റെ നിർദേശപ്രകാരമായിരുന്നു സ്റ്റാൻഡുകൾ സ്ഥാപിച്ചത്. എന്നാൽ, ഇതു വഴിതടസ്സമുണ്ടാക്കുമെന്നും കടയിലേക്ക് ആളുകൾക്ക് വരാൻ കഴിയില്ലെന്നും പറഞ്ഞായിരുന്നു വ്യാപാരികൾ രംഗത്തുവന്നത്.
വ്യാപാരി നേതാക്കൾ വിളിച്ചറിയിച്ചതിനെ തുടർന്ന് രാത്രിയിൽതന്നെ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത സ്ഥലത്തെത്തി. നഗരസഭ ഉദ്യോഗസ്ഥരുമെത്തി. സ്റ്റാൻഡ് സ്ഥാപിക്കുന്ന വിവരം അറിഞ്ഞില്ലെന്ന് ചെയർപേഴ്സൻ വ്യാപാരികളോട് പറഞ്ഞു. പ്രതിഷേധത്തിനൊടുവിൽ നഗരസഭ വാഹനത്തിൽ മുഴുവൻ സ്റ്റാൻഡുകളും നഗരസഭ കാര്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. സ്റ്റാൻഡ് മാറ്റിയതിനെതിരെ വഴിവാണിഭ അസോസിയേഷനും രംഗത്തുവന്നു. തിങ്കളാഴ്ച ചെയർപേഴ്സനെ നേരിൽ കാണുമെന്ന് വഴിവാണിഭ അസോസിയേഷൻ സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.