കാഞ്ഞങ്ങാട്: കുറുവ സംഘമെന്ന് സംശയിക്കുന്ന രണ്ടംഗ സംഘത്തിന്റെ സി.സി.ടി.വി ദ്യശ്യം പുറത്ത്. പൊലീസാണ് സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടത്. കുറുവ സംഘങ്ങളെ കുറിച്ചുള്ള ഭീതിപരത്തുന്ന വാർത്തകൾക്കിടയിൽ നമുക്കിടയിലുള്ള ചില അപരിചിതരുടെ സാന്നിധ്യം ശ്രദ്ധിക്കാതെപോകരുതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം പടന്നക്കാട് ഒരു വീട്ടിലെ സി.സി. കാമറയിൽ പതിഞ്ഞ മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. ഇവരെ ശ്രദ്ധിക്കണമെന്നും പൊലീസിൽ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.
പ്രധാന റോഡിൽനിന്ന് പടന്നക്കാട്ടെ ഇടവഴിയിലേക്ക് കയറുന്ന ആരോഗ്യവാൻമാരായ രണ്ട് യുവാക്കൾ വീടുകളെ വ്യക്തമായി വീക്ഷിക്കുന്നത് കാമറയിലുണ്ട്. സംഘം കുറുവ സംഘത്തിൽപെട്ടവരാകാമെന്ന പൊലീസിന്റെ ബലമായ സംശയത്തെ തുടർന്നാണ് ദൃശ്യം പുറത്തുവിട്ടത്. ഇവരെ കാണുന്നവർ ഉടൻ വിവരമറിയിക്കണമെന്നും വീട്ടുകാർ മുഴുവൻ ശ്രദ്ധിക്കണമെന്നും പൊലീസ് പറഞ്ഞു. കാണുന്നവർ താഴെ പറയുന്ന പൊലീസിന്റെ നമ്പറിൽ അറിയിക്കണം. ഫോൺ: 9497980928 എം.വി. വിഷ്ണുപ്രസാദ് (സബ് ഇൻസ്പെക്ടർ നീലേശ്വരം), (ജനമൈത്രി ബീറ്റ് ഓഫിസേഴ്സ്) രാജേഷ് 9497927904, ദിലീഷ് പള്ളിക്കൈ 9497928799 പൊലീസ് സ്റ്റേഷൻ. ഹോസ്ദുർഗ് പൊലീസും നീലേശ്വരം പൊലീസും കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
അതിനിടെ വ്യാഴാഴ്ച പുലർച്ചെ മലയോരഭാഗത്തും സംശയകരമായ സാഹചര്യമുണ്ടായി. പുലർച്ചെ വീടുകളിൽ മുട്ടി വിളിച്ചെന്നാണ് പറയുന്നത്. തീപെട്ടിയും മെഴുകുതിരിയുമുണ്ടോയെന്ന് ചോദിച്ചാണ് വാതിൽ മുട്ടിയതെന്നാണ് പറയുന്നത്. ഒടയം ചാൽ ഭാഗത്താണ് സംഭവം. ഹാഫ് അടിവസ്ത്രം മാത്രം ധരിച്ച കറുത്ത നിറമുള്ളവരാണെന്നും പറയുന്നു. ഇത്തരം വാർത്തകൾ പുറത്തുവരുന്നതോടെ നാട് ഭീതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.