കാഞ്ഞങ്ങാട്: രണ്ടുവർഷത്തിനിടെ ജില്ലയിലെ ഇരുന്നൂറിലധികം സർക്കാർ ഓഫിസുകളിൽ റെയ്ഡ് നടത്തി നിരവധി ഉദ്യോഗസ്ഥ അഴിമതികൾ പുറത്തു കൊണ്ടുവന്ന കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ ഇനി കണ്ണൂരിലേക്ക്. കാസർകോടുനിന്ന് അദ്ദേഹത്തെ കഴിഞ്ഞദിവസമാണ് കണ്ണൂരിലേക്ക് സ്ഥലംമാറ്റിയത്. അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെ പിടികൂടാൻ കഴിഞ്ഞു.
കൈക്കൂലി വാങ്ങുന്നതിനിടെ ആറ് വില്ലേജ് ഉദ്യോഗസ്ഥന്മാരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ മൂന്നുപേർ വില്ലേജ് ഓഫിസർമാരും, മൂന്നുപേർ വില്ലേജ് അസിസ്റ്റന്റുമാരുമാണ്. ഒരു കൃഷി ഓഫിസർക്കെതിരെയും കേസെടുത്തു. പുത്തിഗെ പഞ്ചായത്തിലെ മുഗുവിൽ നടന്ന ഭൂമി തട്ടിപ്പ് കേസ് പുറത്തു കൊണ്ടുവരാൻ കഴിഞ്ഞു.
മുളിഞ്ചയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ച് നൽകിയ സംഭവവും പുറത്തുകൊണ്ടുവന്നു. മഞ്ചേശ്വരം, ചെറുവത്തുർ ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.
കാഞ്ഞങ്ങാട്, കാസർകോട്, വെള്ളരിക്കുണ്ട് ആർ.ടി.ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത പണം കണ്ടെടുത്തിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപയാണ് പിടിച്ചെടുത്തത്. കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതിനെതുടർന്ന് എം.വി.ഐമാരായ പ്രസാദ്, അനിൽകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
ചീമേനിയിൽ 127 ഏക്കർ മിച്ചഭൂമി മറിച്ച് വിറ്റ് സംഭവത്തിലും, കാഞ്ഞങ്ങാട് ഭൂമി തരംമാറ്റിയെന്ന പരാതിയിലും നൂറോളം വ്യക്തികൾക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചത്. അനധികൃത ചെങ്കൽ ക്വാറികൾക്കെതിരെയും അന്വേഷണം നടത്തി ലക്ഷക്കണക്കിന് രൂപ പിഴയടപ്പിക്കാനായി.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സി.ഐയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തും തളിപ്പറമ്പ് സ്റ്റേഷനിലും തലശ്ശേരി സ്റ്റേഷനിലും ഡിവൈ.എസ്.പിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തും കെ.വി. വേണുഗോപാൽ നിരവധി കേസുകളാണ് തെളിയിച്ചത്. അഞ്ച് കൊലക്കേസുകളും ഉൾപ്പെടും.
ചെറുവത്തൂരിലെ മൂലക്കാൽ രാജേഷ് വധക്കേസ്, അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്തു വധക്കേസ്, കരിവേടകത്തെ ബാർബർ തൊഴിലാളി രമേന്ദ്രൻ എന്ന രമണനെ കൊലപ്പെടുത്തിയ കേസ്, മടിക്കൈ കാരാക്കോട്ടെ ഇന്ദിര കൊലക്കേസ്, തായന്നൂർ ബാഡൂർ കോളനിയിലെ രാജു കൊലക്കേസ് എന്നിവയിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചത് വേണുഗോപാലിന്റെ അന്വേഷണ മികവാണ്.
നിരവധി കേസുകളിൽ അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹം ജില്ലയിൽ നിന്നും യാത്രയാകുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സി.ഐആയും സബ് ഇൻസ്പെക്ടറായും സേവന മനുഷ്ഠിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.