കാഞ്ഞങ്ങാട്: എം.പി ഉൾപ്പെടെയുള്ള യു.ഡി.എഫ് ജനപ്രതിനിധികളെ ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി എത്തും മുമ്പ് പ്രതീകാത്മകമായി റോഡ് ഉദ്ഘാടനം ചെയ്ത് യു.ഡി.എഫ്. പിന്നീട് മന്ത്രി പങ്കെടുത്ത് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് യു.ഡി.എഫ് വിട്ടുനിൽക്കുകയും ചെയ്തു. മൗവ്വൽ -കല്ലിങ്കാൽ റോഡ് ഉദ്ഘാടന ചടങ്ങാണ് യു.ഡി.എഫ് ബഹിഷ്കരിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച ഉദ്ഘാടന ചടങ്ങിന് അര മണിക്കൂർ മുമ്പാണ് യു.ഡി.എഫ് നേതൃത്വത്തിൽ പ്രതീകാത്മക റോഡിന്റെ മറുതലക്കൽ ഉദ്ഘാടന ചടങ്ങ് നടത്തിയത്. എം.പിയെയും റോഡ് ഉൾപ്പെടുന്ന പ്രദേശത്തെ യു.ഡി.എഫ് ജനപ്രതിനിധികളെയുമാണ് ഒഴിവാക്കിയത്.
ജില്ല പഞ്ചായത്ത് അംഗം ഗീത കൃഷ്ണൻ റോഡ് കടന്നു പോകുന്ന പ്രദേശത്തെ പഞ്ചായത്തംഗങ്ങളായ ജയശ്രീ മാധവൻ, സിദ്ദീഖ് പള്ളിപ്പുഴ, സമീറ അബ്ബാസ്, ഹസീന മുനീർ തുടങ്ങിയവരെയും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതി. സമീപ പ്രദേശത്തെ ജില്ല പഞ്ചായത്ത് അംഗത്തെ പോലും ഉൾപ്പെടുത്തിയിട്ടും യു.ഡി.എഫ് അംഗങ്ങളെ ഉൾപ്പെടുത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയതെന്ന് ഇവർ ആരോപിച്ചു.
റോഡ് ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗവും പ്രഹസനമാക്കിയതായി യു.ഡി.എഫിന് ആക്ഷേപമുണ്ട്. നേരത്തെ തയാറാക്കിയ ലിസ്റ്റ് ആണ് യോഗത്തിൽ വായിച്ചതെന്നാണ് ആക്ഷേപം. പഞ്ചായത്ത് അംഗങ്ങളായ സിദ്ദീഖ് പള്ളിപ്പുഴ, ജയശ്രീ മാധവൻ എന്നിവരാണ് റോഡിന്റെ പ്രതീകാത്മക ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.