കാഞ്ഞങ്ങാട്: ആൾമാറാട്ടം നടത്തി വിസക്ക് പണം വാങ്ങി മുങ്ങിയ സംഘത്തിനെതിരെ കൂടുതൽ പരാതികളും കേസുകളും. സംഘത്തിലെ ഒരാൾക്കെതിരെ വിസ തട്ടിപ്പിന് ചിറ്റാരിക്കാൽ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നീലേശ്വരത്തും കഴിഞ്ഞദിവസം മറ്റൊരു കേസ് കൂടിയെടുത്തു. സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനംചെയ്ത് 140000 തട്ടിയെടുത്തതായാണ് ഒരു പരാതി.
ചോയ്യങ്കോട് കൊച്ചുവീട്ടിൽ ഹൗസിൽ കെ.എസ്. ശരത് കുമാറിെന്റ പരാതിയിൽ ആലപ്പുഴ സ്വദേശി സുരേഷ്ഗോപി നാരായണനെതിരെയാണ് കേസ്. 2020 നവംബർ രണ്ടിനും ശേഷം പലതവണകളായാണ് പണം വാങ്ങിയത്. സുരേഷ്ഗോപി നാരായണനെതിരെ ചിറ്റാരിക്കാലിൽ ഒന്നിലധികം കേസുകളുണ്ട്. സുരേഷ്ഗോപി നാരായണൻ, എൻ. പ്രസാദ് എന്നിവരാണ് വിസ തട്ടിപ്പ് സംഘത്തിലുള്ളത്. ഇതിൽ ചിറ്റാരിക്കാലിലെ യുവാവിൽനിന്ന് എൻ. പ്രസാദ് വിസക്കായി പണം വാങ്ങുമ്പോൾ താൻ സുരേഷ്ഗോപി നാരായണനാണെന്നാണ് പരിചയപ്പെടുത്തിയത്. യഥാർത്ഥ സുരേഷ്ഗോപി നാരായണന്റെ രേഖകൾ ഉപയോഗിച്ചാണ് പണം വാങ്ങിയത്. പൊലീസ് അന്വേഷിക്കുന്നതിനിടെ യഥാർഥ സുരേഷ്ഗോപി നാരായണനെ അറസ്റ്റ് ചെയ്തപ്പോഴാണ് പ്രസാദ് ആൾമാറാട്ടം നടത്തിയാണ് പണം വാങ്ങിയതെന്ന് തെളിഞ്ഞത്.
ചിറ്റാരിക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പ്രസാദിനെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ അരുണൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പ് വാർത്ത പുറത്ത് വരുകയും പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ പൊലീസിൽ എത്തിയത്.
വരും ദിവസങ്ങളിൽ കൂടുതൽ പരാതിയുണ്ടാകുമെന്നാണ് സൂചന. ഇലക്ട്രിക് പോസ്റ്റുകളിൽ ഉൾപ്പെടെ പരസ്യം എഴുതി വെച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. മംഗളൂരുവിൽ വ്യാജ ഓഫിസ് ഉണ്ടാക്കുകയും ഇവിടേക്ക് ആളുകളോട് വരാൻ പറഞ്ഞ് ഇന്റർവ്യൂ നടത്തി പിന്നീട് പണവുമായി മുങ്ങുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.