യു​ക്രയ്നിൽനിന്ന് നാടണഞ്ഞ അനുശ്രീയെ നഗരസഭാധ്യക്ഷ കെ.വി. സുജാത മധുരം നല്‍കി സ്വീകരിക്കുന്നു

യുക്രെയ്നിൽനിന്ന് 30പേർ വീടണഞ്ഞു; 22 പേർ രാജ്യത്തിറങ്ങി

കാസര്‍കോട്: യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്ത കൂടുതൽ വിദ്യാർഥികൾ ജില്ലയിലെത്തി. ഇതിനകം ജില്ലയില്‍ യുക്രെയ്നില്‍ നിന്നുള്ള 28 വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. 22 പേർ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലിറങ്ങി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കാസര്‍കോട് മാസ്തിക്കുണ്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അബ്ദുല്‍റഹ്മാന്‍ കുട്ടിയുടെയും അധ്യാപിക ഖദീജയുടെയും മകന്‍ അബി കുഞ്ഞിമുഹമ്മദ് അടക്കം ആറുപേരാണ് ഏറ്റവും ഒടുവിലായി എത്തിയത്.

മണിക്കൂറുകളോളം നടക്കേണ്ടിയും ദീര്‍ഘയാത്ര നടത്തേണ്ടിയും വന്നതിന്റെ ക്ഷീണത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍. പഠനം പൂർത്തിയാക്കിയവർക്ക് മെഡിക്കൽ ഇന്റേൺഷിപ് ഇന്ത്യയിൽ നടത്താമെന്ന തീരുമാനം ആശ്വാസമായി. കോവിഡിന്റെ ഉൾപ്പെടെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമീഷനാണ് ഈ തീരുമാനത്തിലെത്തിയത്. കാഞ്ഞങ്ങാട്ടെ മിഥുൻ, മാലോത്തെ അഖില രാജ്, അമ്മു ജോജോ, തൃക്കരിപ്പൂരിലെ കൃഷ്ണശ്രീ, അനൂപ്, സഫിയ, വെസ്റ്റ് എളേരിയിലെ ജോർജ് ആഷ്ലി, കുറ്റിക്കോലിലെ അശ്വതി, ചുള്ളിക്കരയിലെ രാഹീൽ ദേവ്, മുന്നാട്ടെ സ്നേഹ മോഹൻ, പടിമരുതിലെ മാർത്ത ഹരി, ചെമ്പിരിക്കയിലെ മുഹമ്മദ് റാഷിദ്, ചൂരിയിലെ ആയിഷ ഹന്ന, കയ്യാറിലെ മുഹമ്മദ് അഫറാഖ്, പെരുമ്പളയിലെ കൃഷ്ണവേണി നായർ, ബോവിക്കാനത്തെ മുഹമ്മദ് ആദിൽ, ചെർക്കളയിലെ റിനാഫ്, എബി, കുശാൽ നഗറിലെ അനുശ്രീ, കരിന്തളത്തെ അലൈൻ, ചട്ടഞ്ചാലിലെ ആരോമൽ തുടങ്ങിയ വിദ്യാർഥികൾ വീടണഞ്ഞു.

ബോവിക്കാനം: യുദ്ധം രൂക്ഷമായ യുക്രെയ്നിൽനിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ മുളിയാർ മുണ്ടക്കൈയിലെ മെഡിക്കൽ വിദ്യാർഥിയും എസ്.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് മാഹിൻ മുണ്ടക്കൈയുടെ മകനുമായ മുഹമ്മദ് ആദിലിനെ എസ്.ടി.യു ജില്ല നേതാക്കൾ സന്ദർശിച്ചു. നേതാക്കളായ മുത്തലിബ് പാറക്കെട്ട്, എം.എ. മക്കാർ, പി.ഐ.എ. ലത്തീഫ്, ഹനീഫ പാറ ചെങ്കള എന്നിവർ സംഘത്തിലുണ്ടായിരുന്നു. നടന്നും ട്രെയിൻ മാർഗവും അതിർത്തികടന്ന് ഹംഗറിയിലെത്തിയ ആദിലും സംഘവും ഇന്ത്യൻ എംബസി ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ഡൽഹി വഴി നാട്ടിലെത്തിയത്. ആദിലടക്കം അഞ്ചുപേരാണ് ജില്ലയിൽനിന്നുള്ള വിദ്യാർഥികളായി സംഘത്തിലുണ്ടായിരുന്നത്.

മുളിയാർ: യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥി, ഇരിയണ്ണിയിലെ ഡോ. ഗണപതിയുടെ മകൻ അനികേതൻ അയ്യറിനെ മുളിയാർ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാർ മധുരം നൽകി.

നാടിന്റെ സ്‌നേഹത്തണലിൽ അനുശ്രീ

കാഞ്ഞങ്ങാട്: യുദ്ധഭീകരതയില്‍നിന്ന് നാടിന്റെ സ്‌നേഹത്തണലിലെത്തിയ അനുശ്രീയെ നഗരസഭാധ്യക്ഷ കെ.വി. സുജാതയും കൗണ്‍സിലര്‍ എച്ച്. ശിവദത്തും ചേര്‍ന്ന് മധുരം നല്‍കി സ്വീകരിച്ചു.

കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ താമസിക്കുന്ന അനുശ്രീ യുക്രെയ്നിലെ ഖാര്‍കിവ് നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്. ലക്ഷ്മണിന്റെയും ബി.ജി. സുജയുടെയും മകളാണ്. യുദ്ധാരംഭത്തില്‍തന്നെ നാട്ടിലേക്ക് തിരിക്കാന്‍ ശ്രമംനടത്തിയിരുന്നു. ഏജന്‍സിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ എത്തിയതെന്ന് അനുശ്രീ പറഞ്ഞു. ഫെബ്രുവരി 27നാണ് നാട്ടിലേക്ക് യാത്ര തുടങ്ങിയത്.

Tags:    
News Summary - War: Students with stories that sowed misery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.