കാഞ്ഞങ്ങാട്: മലയോരത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഭീതിയിലാണ് ജനങ്ങൾ. ബളാൽ പഞ്ചായത്തിലെ ഒട്ടേമാളം, ബന്തമലപ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. ടാപ്പിങ്ങിനുപോയ തൊഴിലാളിയാണ് ഇന്നലെ പുലർച്ച റബർ തോട്ടത്തിനുള്ളിൽ രണ്ട് കാട്ടാനകളെ കണ്ടത്. ഇതോടെ തൊഴിലാളി ഭയന്നോടി. രാവിലെ ഭീമനടിയിൽനിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരുമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പന, കവുങ്ങ്, വാഴക്കൃഷികളാണ് നശിപ്പിച്ചത്. രണ്ടെണ്ണത്തിനെ മാത്രമാണ് തൊഴിലാളി കണ്ടതെങ്കിലും ആന കൂട്ടമായെത്തിയിട്ടുണ്ടാകാമെന്നാണ് സംശയം. വലുതും ചെറുതുമായ ആനയുടെയും കാൽപ്പാടുകൾ കൃഷിസ്ഥലത്ത് കാണപ്പെട്ടുവെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ ആനയുടെ കാൽപ്പാടുകൾ കണ്ടതാണ് ആനക്കൂട്ടമെത്തിയിട്ടുണ്ടാകുമെന്ന സംശയത്തിനിടയാക്കിയത്. നിരവധി വീടുകളും നൂറുകണക്കിന് ഏക്കർ കൃഷിയിടവുമുള്ള സ്ഥലത്താണ് ആനകളെത്തിയത്. വെള്ളരിക്കുണ്ട് - കൊന്നക്കാട് പ്രധാന റോഡരികുവരെ കാട്ടാനകളെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.
കർണാടക വനത്തിൽനിന്നും അര കിലോമീറ്ററിലേറെ ദൂരത്താണിത്. ഈ ഭാഗത്ത് വനത്തിനുള്ളിൽപോലും രണ്ടു പതിറ്റാണ്ടിനിടയിൽ ആനകളെ കണ്ടിട്ടില്ലെന്ന് വനപാലകർ പറയുന്നു. വെളളവും പുല്ലും ലഭ്യമല്ലാത്ത വനപ്രദേശത്ത് ആനക്കൂട്ടമെങ്ങനെയെത്തിയെന്ന ആശ്ചര്യത്തിലാണ് വനപാലകർ.
രാവിലെ അതിർത്തി വനമേഖലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജാഗ്രതയിലാണ് ഉദ്യോഗസ്ഥർ. രാത്രി നിരീക്ഷണം നടത്തും. വീണ്ടും കാടിറങ്ങാനുള്ള സാധ്യത വനപാലകർ മുൻകൂട്ടി കാണുന്നുണ്ട്. രാത്രി കാട്ടാനകളെ കണ്ടാൽ തുരത്താൻ സർവസന്നാഹവുമായി തയാറാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ അടക്കം ജനപ്രതിനിധികളും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.