കാഞ്ഞങ്ങാട്: നമ്പറില്ലാത്ത ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തി ഒറ്റക്ക് കാണുന്ന സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന സംഭവങ്ങൾ പതിവായതോടെ മുന്നറിയിപ്പുമായി പൊലീസ്. നിരവധി പിടിച്ചുപറി കേസുകളിൽ അന്വേഷണം നടത്തിവരുന്ന മേൽപ്പറമ്പ പൊലീസാണ് പ്രതികളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നത്.
കൃത്യം നടത്തി മോട്ടോർ ബൈക്കിൽ രക്ഷപ്പെടുന്ന പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നാല് കാമറ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ചിത്രങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതികൾ ഓടിക്കുന്ന സ്കൂട്ടറുകളുടെ നമ്പർ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച പ്രതിയുടെ ശരീര പ്രകൃതം നോക്കി ആളെ മനസിലാക്കാൻ നാട്ടുകാർക്ക് കഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം. നാട്ടുകാർ പ്രതിയെ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
ഹോസ്ദുർഗ്, ബേക്കൽ, മേൽപറമ്പ പൊലീസ് പരിധിയിൽ നിരവധി പിടിച്ചുപറിക്കേസുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 50 ഉം 60 തും വയസ്സു പിന്നിട്ട സ്ത്രീകളെ ലക്ഷ്യമിട്ടാണ് പിടിച്ചുപറി സംഘം ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നത്. സ്വർണമാല ഇട്ട് പുറത്തിറങ്ങുന്ന സ്ത്രീകൾ ഒറ്റക്കാകുമ്പോൾ ശ്രദ്ധിക്കണമെന്നാണ് പൊലീസ് മുന്നറിയിപ്പ്. സി.സി.ടി.വി ഫോട്ടോയിൽ കാണുന്ന ആളെയോ വാഹനമോ തിരിച്ചറിയുന്നവർ വിവരം മേൽപറമ്പ പൊലീസിനെ അറിയിക്കണം. ഫോൺ: 04994: 284100, 9497947276, 9497980939.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.