കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിലെ മുൻ അക്കൗണ്ടന്റ് എം. രമേശ് സാമ്പത്തിക ക്രമക്കേട് നടത്തിയത് സംബന്ധിച്ച സമഗ്രാന്വേഷണം നടത്തണമെന്ന് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൃത്യനിർവഹണത്തിൽ നിരന്തരമായി വീഴ്ചവരുത്തുന്നതിനാൽ മേയ് 16ന് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി രമേശിനെ സസ്പെൻഡ് ചെയ്തിരുന്നു. പഞ്ചായത്തിലെ പ്രവർത്തനകാലയളവിൽ ഇയാൾ നടത്തിയ ഇടപാടുകളിൽ പിന്നീട് ക്രമക്കേടുകൾ ബോധ്യപ്പെടുകയായിരുന്നു.
സംഭവം തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും കുമ്പള പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ജോ. ഡയറക്ടർ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 11,04,959 രൂപ പഞ്ചായത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽനിന്ന് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ലോഗിനിൽ വരണമെന്നിരിക്കെ കൃത്രിമംകാട്ടിയാണ് ഇദ്ദേഹം തുക അപഹരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എം.എൽ.എ മുഖേന മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവർക്കും പരാതി നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. സബൂറ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി.എ. റഹ്മാൻ ആരിക്കാടി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീമ ഖാലിദ്, പഞ്ചായത്തംഗം യൂസഫ് ഉളുവാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.