കുമ്പള: മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി, കുമ്പള, പൈവളിഗെ, പുത്തിഗെ, എൻമകജെ പഞ്ചായത്തുകൾ ചേർന്നതാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലം. പൈവളിഗെ, വോർക്കാടി, മീഞ്ച, പുത്തിഗെ പഞ്ചായത്തുകൾ എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. കുമ്പള, എൻമകജെ, മംഗൽപാടി പഞ്ചായത്തുകൾ യു.ഡി.എഫും മഞ്ചേശ്വരം സ്വതന്ത്ര മുന്നണിയും ഭരിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും എൽ.ഡി.എഫും കടുത്ത ത്രികോണ മത്സരമാണ് കാഴ്ചവെക്കുന്നത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ബി.ജെ.പിക്കും കിട്ടുന്ന വോട്ടിന്റെ പകുതി വോട്ടുകൾപോലും എൽ.ഡി.എഫിന് കിട്ടാറില്ല. 2021ലെ കണക്കനുസരിച്ച് 2,21,682 വോട്ടർമാരാണ് മഞ്ചേശ്വരം മണ്ഡലത്തിൽ ആകെയുള്ളത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നിലവിലെ എം.പി യു.ഡി.എഫിലെ രാജ്മോഹൻ ഉണ്ണിത്താൻ 68,217 വോട്ടുകളാണ് മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് നേടിയത്. 57,104 വോട്ടുകൾ നേടിക്കൊണ്ട് ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. എൽ.ഡി.എഫിനാകട്ടെ കേവലം 35,421 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ണിത്താന് ബി.ജെ.പിയിലെ രവീശതന്ത്രിയേക്കാൾ 11,113 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സതീഷ് ചന്ദ്രൻ മഞ്ചേശ്വരത്ത് രാജ്മോഹൻ ഉണ്ണിത്താനേക്കാൾ 35,421 വോട്ടുകൾക്ക് പിറകിലായിരുന്നു. വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രചാരണരംഗത്ത് എൽ.ഡി.എഫും യു.ഡി.എഫുമാണ് സജീവമായി രംഗത്തുള്ളത്. ബി.ജെ.പി വളരെ തണുത്ത രീതിയിലുള്ള പ്രചാരണം മാത്രമാണ് ഇതുവരെ പ്രകടമാക്കിയിട്ടുള്ളത്.
യു.ഡി.എഫ് ആകട്ടെ സംസ്ഥാന ഭരണത്തിന്റെ പിടിപ്പുകേടുകളും ജനങ്ങൾക്കുമേൽ കെട്ടിവെച്ച നികുതികളും മറ്റ് ചെലവുകളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും എൽ.ഡി.എഫിനെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം എടുത്തുകാട്ടി ന്യൂനപക്ഷ വോട്ടുകൾ കൈക്കലാക്കാൻ എൽ.ഡി.എഫ് ശ്രമം നടത്തുന്നു.
അതേസമയം, രാജ്യഭരണം ഫാഷിസ്റ്റ് കൈകളിൽനിന്ന് തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിലേറാൻ വോട്ട് ചോദിച്ചുകൊണ്ടാണ് രാജ്മോഹൻ ഉണ്ണിത്താൻ ജനങ്ങളെ സമീപിക്കുന്നത്. ബി.ജെ.പി ആണെങ്കിൽ പ്രചാരണരംഗത്ത് വളരെ പിന്നിലാണ്.
മണ്ഡലത്തിലെ വോട്ടർമാരെ സംബന്ധിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണനും ബി.ജെ.പി സ്ഥാനാർഥി അശ്വിനിയും തീർത്തും അപരിചിതരാണ്. സിറ്റിങ് എം.പി എന്നനിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പരിചയം രാജ്മോഹൻ ഉണ്ണിത്താന് പ്രചാരണരംഗത്ത് വളരെ പ്രയോജനം ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.