തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങൾക്ക് ഇത് അഭിമാനകരമായ മുഹൂർത്തം. 55 ലക്ഷം രൂപ യൂസർ ഫീസിനത്തിലും മാലിന്യം കൈമാറിയ വകയിൽ അഞ്ചു ലക്ഷവും ചേർത്ത് ഈ സാമ്പത്തികവർഷം 60 ലക്ഷം രൂപയുടെ വരുമാനമാണ് നേട്ടം.
കഴിഞ്ഞ സാമ്പത്തികവർഷം 26 ലക്ഷം രൂപ നേടിയ സ്ഥാനത്താണ് ഇരട്ടിയിലധികം തുക സമാഹരിച്ച് നേട്ടംകൊയ്തത്. ആകെ 55 ടൺ പുനഃചംക്രമണ യോഗ്യമായ മാലിന്യവും 260 ടൺ പുനഃചംക്രമണ യോഗ്യമല്ലാത്തതുമായ മാലിന്യവും ഹരിതകർമസേന ശേഖരിച്ച് കൈമാറി. തുണി മാലിന്യം, ചില്ലുമാലിന്യം, ചെരിപ്പുകൾ, ബാഗുകൾ, അപ്ഹോൾസ്റ്ററി മാലിന്യം, ഹെൽമറ്റുകൾ, കിടക്കകൾ, ഇലക്ട്രോണിക് മാലിന്യം, തെർമോകോൾ, മരുന്ന് സ്ട്രിപ്പുകൾ, സിമന്റ് ചാക്കുകൾ, പേപ്പർ, കാർഡ്ബോർഡ് തുടങ്ങി എല്ലാത്തരം അജൈവ മാലിന്യവും തൃക്കരിപ്പൂരിൽ ഹരിതകർമസേന വിവിധ മാസങ്ങളിലായി ശേഖരിച്ച് കൈമാറിവരുന്നുണ്ട്.
അടുത്ത സാമ്പത്തികവർഷം മുതൽ ഡയപ്പർ, നാപ്കിൻ തുടങ്ങിയ സാനിറ്ററി മാലിന്യം ഉൾപ്പെടെ ശേഖരിച്ചുകൈമാറി വരുമാനം വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സേന. 42 പേരടങ്ങിയ ഹരിതകർമ സേനയാണ് തൃക്കരിപ്പൂരിലേത്. ഓരോരുത്തർക്കും ശരാശരി 11,000 രൂപ പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ട്. പഠനയാത്രകൾ, പഠനക്ലാസുകൾ, ശുചീകരണ പ്രവൃത്തികൾ, അംഗങ്ങൾക്ക് ഉത്സവകാല ബോണസുകൾ, വിവിധ ദുരിതാശ്വാസ നിധികളിലേക്ക് ഒരുദിവസത്തെ വേതനം തുടങ്ങിയ ഒട്ടേറെ പരിപാടികൾ ഹരിതകർമ സേനയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ചേർന്ന് സംഘടിപ്പിച്ചു.
കൂട്ടത്തിൽ ഒരാൾക്ക് നെല്ല് കൊയ്യാൻ ആളെ കിട്ടാതെ വന്നപ്പോൾ ആ പ്രവൃത്തിയും ഹരിത കർമസേന ഏറ്റെടുത്തു. ജില്ലയിൽ ഏറ്റവും മികച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി, ബെയിലിങ് മെഷീൻ, മിനി ക്രെയിൻ, കൺവെയർ ബെൽറ്റ്, നിരീക്ഷണത്തിനായി സി.സി.ടി.വി കാമറ തുടങ്ങിയ സംവിധാനങ്ങളും ഹരിത കർമസേനക്ക് ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. വാർഡുകളിലുള്ള ശേഖരണത്തിന് 126 മിനി എം.സി.എഫുകളും വിവിധയിടങ്ങളിൽ ഈ വർഷം സ്ഥാപിച്ചിട്ടുണ്ട്. ഇനോക്കുലം നിർമാണ യൂനിറ്റ്, വാടക പാത്രം യൂനിറ്റ് സംരംഭങ്ങൾ ഈവർഷം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.