തൃക്കരിപ്പൂർ: നെടുംചൂരി മത്സ്യങ്ങൾ ശൂലാപ്പ് കാവിലേക്ക് യാത്ര തുടങ്ങിയ കവ്വായിക്കായലിലെ ഓളങ്ങളിലൂടെ കഥാകൃത്തിനൊപ്പം കുട്ടികളുടെ സാഹിത്യയാത്ര. രണ്ട് മത്സ്യങ്ങൾ എന്ന ചെറുകഥയിലൂടെ മലയാള സാഹിത്യഭൂപടത്തിൽ ഇടംപിടിച്ച കവ്വായിക്കായലിന്റെ ഓളപ്പരപ്പിലൂടെ കഥാകൃത്ത് അംബികാസുതൻ മാങ്ങാടും കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികളുമാണ് വേറിട്ട യാത്ര നടത്തിയത്.
‘മനുഷ്യർ മാത്രം ബാക്കിയാവുന്ന സങ്കൽപമാണോ വികസനം’ എന്ന് നൂറ്റാണ്ടിന്റെ പഴക്കമുള്ള തവളയെക്കൊണ്ട് കഥയിലൂടെ ചോദ്യമെറിഞ്ഞ എഴുത്തുകാരൻ ജലഗതാഗത വകുപ്പിന്റെ ബോട്ടിലും ബോട്ടുജെട്ടിയിലും കായലോരത്തും കടലോരത്തുമിരുന്ന് വിദ്യാർഥികളുമായി സംവദിച്ചു. ഒപ്പം അസ്തമയ സൂര്യന്റെ പൊൻപ്രഭയിൽ കടലോരത്ത് തീർത്ത രണ്ടു മത്സ്യങ്ങളുടെ മണൽശിൽപവും കൺകുളുർക്കെ കണ്ടു.
എഴുത്ത് തപസ്യയാണെന്നും എഴുത്തിലൂടെ കരുണയും മാനവികതയും പ്രചരിപ്പിക്കുമ്പോൾ ഓരോ എഴുത്തുകാരനും ബുദ്ധനൊപ്പം സഞ്ചരിക്കുന്നുവെന്നും അംബികാസുതൻ മാങ്ങാട് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ പ്രകൃതിക്കുവേണ്ടിയുള്ള ജാഗ്രത്തായ നിലവിളികളായ ഓരോ എഴുത്തും കുട്ടികൾ നിശ്ചയമായും വായിച്ചിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് അംബികാസുതൻ മാങ്ങാടിനൊപ്പം കുട്ടികൾക്ക് നവ്യാനുഭവങ്ങളുടെ തുരുത്തുകളിലേക്കുള്ള സാഹിത്യയാത്ര ഒരുക്കിയത്. ഉദ്വേഗം നിറഞ്ഞ അനുഭവച്ചുഴികളിലൂടെ മുട്ടയിടാനായി ചീമേനിക്കടുത്ത ശൂലാപ്പ് കാവിലേക്ക് നീന്തിയെത്തുന്ന അഴകനെന്നും പൂവാലിയെന്നും പേരുള്ള മത്സ്യങ്ങളുടെയും കാവുകളുടെയും പുഴകളുടെയും നാശത്തിന്റെയും കഥയാണ് അംബികാസുതൻ മാങ്ങാടിന്റെ ‘രണ്ടു മത്സ്യങ്ങൾ’.
പാഠപുസ്തകത്തിൽ പഠിച്ച കഥയുടെ രചനയുടെ രസതന്ത്രം കഥാകാരനിൽനിന്ന് നേരിട്ടറിയുന്നതിനു വേണ്ടിയായിരുന്നു ‘കായലോരത്തിനുമുണ്ട് ഒരു കഥ പറയാൻ’ യാത്ര ഒരുക്കിയത്. 37 കുട്ടികളും അധ്യാപകരും അണിനിരന്നു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ പി. വേണുഗോപാലൻ ജലയാത്രക്ക് തുടക്കമിട്ടു. സി.ആർ.സി കോഓഡിനേറ്റർ കീർത്തി കൃഷ്ണൻ, വിനോദ് മാടായി, ആർട്ടിസ്റ്റ് ഗോപി, കെ. വിനയൻ എന്നിവർ രണ്ടു മത്സ്യങ്ങളുടെ മണൽ ശിൽപം തീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.