തൃക്കരിപ്പൂർ: ലോക സൈക്കിൾദിനവുമായി ബന്ധപ്പെട്ട് ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിലേക്ക് സൈക്കിൾയാത്ര നടത്തി. കണ്ണൂർ-കാസർകോട് ജില്ലകളിലെ സൈക്ലിങ് ക്ലബുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
സൈക്ലിങ്ങിലൂടെ ആരോഗ്യസംരക്ഷണം, തുല്യത, സുസ്ഥിരത എന്നിവയാണ് ഈവർഷത്തെ സൈക്ലിങ് ദിന മുദ്രാവാക്യം. അതിമനോഹരമായ ഒരു ലാറ്ററൈറ്റ് പീഠഭൂമിയാണ് മാടായിപ്പാറ. 700 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന കണ്ണൂർ ജില്ലയിലെ മാടായിയിലെ ഈ കുന്ന് സൗന്ദര്യവും ചരിത്രവും ഇടകലർന്നതാണ്.
മനോഹരമായ ഭൂപ്രകൃതികൾക്കൊപ്പം കോലോത്ത് രാജവംശത്തിലെ വല്ലഭ രാജാവ് നിർമിച്ച മാടായി കോട്ട എന്ന പുരാതന കോട്ടയും പുരാതന ജൂതകുടിയേറ്റക്കാരുടെ അവശിഷ്ടങ്ങളായ ഒരു ജൂതകുളവും ഇവിടെയുണ്ട്. വിശാലമായ സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ പാരിസ്ഥിതിക പറുദീസയാണ് മാടായിപ്പാറ.
പ്രാണികളെ ഭക്ഷിക്കുന്ന സസ്യങ്ങളുടെ അപൂർവശേഖരം ഇവിടെയുണ്ട്. നൂറുകണക്കിന് പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും വാസസ്ഥലവും കൂടിയാണ്. അടുത്തിടെ തീപിടിത്തത്തിൽ നഷ്ടപ്പെട്ട പുൽമേടുകൾ വീണ്ടും തളിർത്തിട്ടുണ്ട്. കണ്ണൂർ സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തിൽ കണ്ണൂരിൽനിന്നും തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് തൃക്കരിപ്പൂർ ടൗണിൽനിന്നും മാട്ടൂൽ വീൽ ഗാങ് മാട്ടൂലിൽനിന്നും പുലർച്ചെ ആരംഭിച്ച റൈഡുകൾ പഴയങ്ങാടി കേന്ദ്രീകരിച്ച് മാടായിപ്പാറയിലേക്ക് നീങ്ങി. യാത്രയിൽ അറുപതോളം റൈഡർമാർ പങ്കെടുത്തു.
സമ്മർ ചലഞ്ചിൽ ഏറ്റവും കൂടുതൽ ദൂരംതാണ്ടിയ അബ്ദുൽഹക്കീം അപ്സരക്ക് ഉപഹാരം നൽകി അനുമോദിച്ചു. കണ്ണൂർ സൈക്ലിങ് ക്ലബ് സെക്രട്ടറി നിസാർ, ജോ. സെക്രട്ടറി പ്രശാന്ത്, ജാബിർ കീർത്തി, ബൈജു കടത്തനാടൻ, മുബഷിർ, ശബീറലി മാട്ടൂൽ, തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം, സെക്രട്ടറി സജിൻ കോറോം, ട്രഷറർ അരുൺ നാരായണൻ, രക്ഷാധികാരി അബ്ദുല്ലക്കുട്ടി റോയൽ ഡെക്കർ, എൻ.കെ.പി. ഇംതിയാസ് അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.