തൃക്കരിപ്പൂർ: 'അകാന്തമീബ' അണുബാധയെതുടർന്ന് സ്കൂൾ വിദ്യാർഥി മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എടാട്ടുമ്മൽ മോഡോൻ വളപ്പിൽ എം.വി. സുരേഷിന്റെ മകൻ അനന്തസൂര്യ(15)നാണ് അപൂർവ രോഗം ബാധിച്ചു മരിച്ചത്. കുട്ടി കുളിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ച താമരക്കുളം, എടാട്ടുമ്മൽ ചീർമക്കാവ് കുളം എന്നിവിടങ്ങൾ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ബന്ധപ്പെട്ടവർക്ക് ആരോഗ്യ സുരക്ഷ നിർദേശങ്ങൾ നൽകി. ചക്രപാണി ക്ഷേത്രത്തിലെ ജീവനക്കാരുമായി ചർച്ച നടത്തി. കുളങ്ങളിൽ പരമാവധി ശുചിത്വം ഉറപ്പുവരുത്താൻ നിർദേശിച്ചു.
ആരോഗ്യവകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് രാംദാസ്, മലേറിയ ഓഫിസർ വേണുഗോപാൽ, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സഹദ് ഉസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി. ലിയാക്കത്തലി, എപിഡമിക് കൺട്രോൾ സെൽ ജെ.എച്ച്.ഐ മഹേഷ്, ജെ.എച്ച്.ഐ പ്രകാശൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
തൃക്കരിപ്പൂർ: കെട്ടിനിൽക്കുന്ന ജലാശയങ്ങളിൽ രോഗകാരികളായ മൂന്നുതരം അമീബകളെ കേരളത്തിൽ കാണപ്പെടുന്നുണ്ട്. അകാന്തമീബ ബാധിച്ചാണ് ഇവിടെ മരണം സംഭവിച്ചത്. പത്തുലക്ഷത്തിൽ ഒന്നോ രണ്ടോ പേരെയാണ് അമീബ മാരകമായി ബാധിക്കുന്നതെന്ന് ജില്ല ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. വാസു ആനന്ദ് അറിയിച്ചു. മൂക്കിനകത്തെ ശ്ലേഷ്മ സ്തരത്തിലൂടെയാണ് രോഗാണുവായ അമീബ അകത്തുകടക്കുന്നത്. കേരളത്തിൽ വിവിധ പ്രദേശങ്ങളിലാണ് പലപ്പോഴായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു വർഷത്തിനിടെ അഞ്ചുപേരാണ് രോഗാണുവിന് കീഴടങ്ങിയത്. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവരിലാണ് മരണം ഉണ്ടായതെന്നും ഡോക്ടർമാർ സ്ഥിരീകരിക്കുന്നു.
പൊതുവേ ജലാശയങ്ങളിൽ കാണപ്പെടുന്ന രോഗാണുവിനെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കില്ല. ജലാശയങ്ങളിൽ വെള്ളം കുറഞ്ഞ സമയത്ത് കുളിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ രോഗാണുക്കൾ മനുഷ്യന്റെ ശരീരത്തിൽ കടക്കുന്നതോടെ തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നു. പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
ഒരേ കുളത്തിൽ കുളിച്ചവർക്ക് ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. തലച്ചോറിനെ ബാധിച്ചാൽ രോഗമുക്തി അപൂർവമാണ്. വൈറൽ പനി പോലെ പ്രതിരോധ ശേഷി കുറയുന്ന അസുഖങ്ങൾ ഉണ്ടായവർ കലങ്ങിയ വെള്ളത്തിൽ കുളിക്കാതിരിക്കുകയാണ് അഭികാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.