തൃക്കരിപ്പൂർ: കോവിഡ് അടച്ചിടൽ കാലത്ത് സൈക്കിളുമായി നിരത്തിലിറങ്ങിയ ടെക്കി നാലാഴ്ച കൊണ്ട് എത്തിപ്പിടിച്ചത് 'സൂപ്പർ റോഡണർ' നേട്ടം. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബംഗം പെരളം സ്വദേശി അശ്വിൻ ആർ. നാഥാണ് (27) സൈക്ലിസ്റ്റുകൾ കൊതിക്കുന്ന നേട്ടം കൈവരിച്ചത്. ദേശാന്തര സൈക്ലിങ് ഗവേണിങ് ബോഡിയായ ഓഡാക്സ് ക്ലബ് പാരിസിയൻ ആണ് ദീർഘദൂര സൈക്ലിങ് സ്പോർട്സിന് ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നേതൃത്വം നൽകുന്നത്.
വ്യത്യസ്ത ദൈർഘ്യമുള്ള 'ബ്രെവേ'കളായാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 11ന് കോഴിക്കോട് നടന്ന 200 കിലോമീറ്റർ ഓഡാക്സ് സെൻറിനറി ബ്രെവേയിൽ പങ്കെടുത്ത അശ്വിൻ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. തൊട്ടടുത്ത അവസരത്തിൽ 18ന് കൊച്ചിയിൽ ആരംഭിച്ച 600 കിലോമീറ്റർ റൈഡ് അശ്വിൻ രണ്ടുമണിക്കൂർ നേരത്തെയാണ് പൂർത്തീകരിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ തിരുവനന്തപുരത്ത് 300 കിലോമീറ്റർ ചെയ്യാനുള്ള അവസരം ലഭിച്ചു.
സൂപ്പർ റോഡണർ ആവാനുള്ള അവസരം കൈയെത്തുംദൂരെ എത്തിനിൽക്കേയാണ് ഗാന്ധിജയന്തി ദിനത്തിൽ കൊച്ചിയിൽ ആരംഭിച്ച 400 കിലോമീറ്റർ ബ്രെവേ. കൊച്ചി-കോട്ടയം-കൊട്ടാരക്കര-പുനലൂർ-ആലപ്പുഴ റൂട്ടിലായിരുന്ന ഈ റൈഡും അശ്വിൻ 24 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ചാണ് നേട്ടം കൈവരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ പി.കെ. രഘുനാഥിെൻറയും ചെറുവത്തൂർ എ.എൽ.പി സ്‌കൂൾ അധ്യാപിക പി.വി. പ്രീതയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.