തൃക്കരിപ്പൂർ (കാസർകോട്): കൃഷിയിടങ്ങളിലും കിണറുകളിലും ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും. പോളണ്ട് മാതൃകയിൽ ബണ്ട് കെട്ടി ഉപ്പുവെള്ളം കയറാത്ത നിലയിലുള്ള സംരക്ഷണ പ്രവർത്തനമാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ ഓർച്ച, കടിഞ്ഞിമൂല, കാര്യംകോട്, ചെമ്മാക്കര അഴിത്തല, ക്ലായിക്കട്, രാമൻചിറ, മയിച്ച, വെങ്ങാട്, കണ്ണങ്കൈ, കാടങ്കോട്, അച്ചാംതുരുത്തി, ഓർക്കുളം, പടന്ന, വലിയപറമ്പ, ഇടയിലക്കാട് തീരമേഖലകളിലാണ് ഉപ്പുവെള്ളം കയറുന്നത്. 568 ഹെക്ടർ പ്രദേശത്ത് ഉപ്പുവെള്ളം കയറി വ്യാപക നാശം സംഭവിച്ചു. പ്രദേശത്ത് ഉന്നത നിർമാണ പ്രവർത്തനങ്ങളുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനുള്ള അന്വേഷണ പ്രവർത്തനങ്ങൾ നടത്താനും യോഗത്തില്‍ തീരുമാനമായി.
ഉപ്പുവെള്ളം കയറി കൃഷിനാശവും കുടിവെള്ളക്ഷാമവും നേരിടുന്നതിന് പരിഹാരം തേടി എം. രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രി കൃഷ്ണൻ കുട്ടിയുടെ ചേംബറിലായിരുന്നു യോഗം. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ചീഫ് എൻജിനീയർ അലക്സ് വർഗീസ്, പ്രോജക്ട് ചീഫ് എൻജിനീയർ എം. ശിവദാസൻ, ഐ.ഡി.ആർ.ബി ഡയറക്ടർ പ്രിയേഷ്, ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.