തൃക്കരിപ്പൂർ: അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഈമാസം ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽവരും. ഹരിതകർമസേന അംഗങ്ങൾ ഹരിതമിത്രം ആപ് ഉപയോഗിച്ച് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണവും ശേഷം ക്യൂ.ആർ കോഡ് പതിക്കലും ചെയ്യുന്നത്. ആപ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാം.
തദ്ദേശസ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ് ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.
വെള്ളാപ്പ് വാർഡ് മെംബർ കെ.എം. ഫരീദ ബീവിയുടെ വീട്ടിൽ ക്യൂ.ആർ കോഡ് പതിച്ച് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ മുഖ്യാതിഥിയായിരുന്നു. വിവരങ്ങൾ ഹരിതമിത്രം ആപ്പിൽ എൻറോൾമെന്റ് നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഹാഷിം കാരോളം, വാർഡ് മെംബർമാരായ ഇ. ശശിധരൻ, എം. ഷൈമ, എം. അബ്ദുൽ ഷുക്കൂർ, യു.പി. ഫായിസ്, വി.പി. സുനീറ, വർക്കിങ് ഗ്രൂപ് അംഗം എൽ.കെ. യൂസഫ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എസ്.കെ. പ്രസൂൺ, രജിഷ കൃഷ്ണൻ, കെൽട്രോൺ ടെക്നിക്കൽ അസി. അക്ഷയ് മോഹൻ, ഹരിത കർമസേന സെക്രട്ടറി കെ. ഷീന, പ്രസിഡന്റ് വി.വി. രാജശ്രീ, ഹരിതകർമസേന ഓക്സിലറി ഗ്രൂപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.