തൃക്കരിപ്പൂർ: എല്ലുകൾ പൊടിഞ്ഞുപോകുന്ന അപൂർവ രോഗം ബാധിച്ച കുരുന്നിന്റെ ചികിത്സക്കായി നാടൊന്നാകെ കൈകോർക്കുന്നു. വലിയപറമ്പ പടന്നക്കടപ്പുറത്തെ നാലു വയസ്സുകാരി ഫസ്ന ഫാത്തിമയുടെ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് ചികിത്സ കമ്മിറ്റി.
പൊയ്യക്കടവ് മഹല്ലിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുബത്തിലെ അംഗമായ ഈ കുഞ്ഞിന് ജന്മനാ കൈകാലുകൾ തളർന്ന് എല്ലുകൾ പൊടിയുന്ന രോഗാവസ്ഥയാണ്. ഓരോ നിമിഷവും നീറുന്ന വേദന അനുഭവിക്കുന്ന പിഞ്ചുബാലികയുടെ സ്ഥിതി ഏറെ ദയനീയമാണ്. കുഞ്ഞിനെ ചികിത്സിക്കുന്നതിന് മഹല്ല് ജമാഅത്ത് കമ്മിറ്റികളും സാമൂഹിക- രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെട്ട ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്.
മൂന്നു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ രോഗം വിദഗ്ധ പരിശോധനയിൽ ഈയിടെയാണ് നിർണയിച്ചത്. വരുന്ന നാല് മാസങ്ങളുടെ ഇടവേളയിൽ ഒമ്പതിലതികം ഓപറേഷൻ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അടുത്ത മാസം അഞ്ചിന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആദ്യ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
ഒരു ഓപറേഷന് മാത്രം ചുരുങ്ങിയത് നാലു ലക്ഷത്തിലേറെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സാമ്പത്തികമായി ഏറെ പ്രയാസമുള്ള കുടുംബത്തിന് ഇത് താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി ജനകീയ കമ്മിറ്റി ചികിത്സ ഫണ്ട് സ്വരൂപിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സഹായങ്ങൾ കേരള ഗ്രാമീൺ ബാങ്ക്, വലിയപറമ്പ, അക്കൗണ്ട് നമ്പർ: 40433101043057, കോഡ്: കെ.എൽ.ജി.ബി 0040433 എന്ന അക്കൗണ്ടിലോ, ഗൂഗ്ൾ പേ നമ്പർ 9744394609 ലോ അയക്കണമെന്ന് കമ്മിറ്റി ചെയർമാൻ ഉസ്മാൻ പാണ്ട്യാല, കൺവീനർ ഷരീഫ് മാടാപ്പുറം എന്നിവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ എ. മുസ്തഫ ഹാജി, പി.കെ. ശുകൂർ ഹാജി, ഖലീഫ ഉദിനൂർ, കെ. റഷീദ് മാടക്കാൽ, പി.കെ. ശിഹാബ്, എ. റഹ്മത്ത്, പി.കെ. സബീന എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.