തൃക്കരിപ്പൂർ: ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കി സാരിവല മത്സ്യബന്ധനം വ്യാപകമായി. മാവിലാകടപ്പുറം അഴിമുഖം കേന്ദ്രീകരിച്ചാണ് നിരോധിത വലകൾ ഉപയോഗിച്ചുള്ള മീൻപിടിത്തം. അനധികൃത മത്സ്യബന്ധനത്തിനെതിരെ പ്രതിഷേധം ശക്തിയായി.
വേലിയേറ്റ സമയത്ത് കവ്വായി കായലിലേക്ക് ഒഴുകിയെത്തേണ്ട മത്സ്യമാണ് അഴിമുഖത്തുവെച്ചുതന്നെ സാരി വലക്കാർ പെട്ടിയിലാക്കുന്നത്. ഒരു ചെറുമീൻ പോലും കടലിൽനിന്നും കായലിലേക്കും പുഴകളിലേക്കും എത്താത്ത സ്ഥിതിയുള്ളതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതുമൂലം ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന സ്ഥിതിയാണ്.
വേലിയേറ്റം തുടങ്ങി അവസാനിക്കുന്നതുവരെയാണ് അഴിമുഖം കലക്കിയുള്ള മത്സ്യബന്ധനം. തുറന്ന വല, മീഡിയം വല, പറ്റ് വല എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഇഴയകലമുള്ള വലകളാണ് ഒന്നിച്ചു ചേർത്തു സാരി വല ഉണ്ടാക്കുന്നത്. വലുതോ ചെറുതോ ആയ ഒരു മത്സ്യം പോലും സാരിവല മറികടന്ന് കായലിലേക്ക് എത്തുന്നില്ല. തീരെ ചെറിയ മീൻ കുഞ്ഞുങ്ങളെ പോലും കോരിയെടുക്കുന്നതാണ് പറ്റുവല. ഇത് ഉപയോഗിക്കുന്നതിന് നിരോധവും ഉണ്ട്.
തദ്ദേശീയരായ 25 ഓളം സംഘങ്ങളാണ് അഴിമുഖം കേന്ദ്രീകരിച്ച് സാരിവല മത്സ്യബന്ധനം നടത്തുന്നത്. ഒരു തോണിയിൽ തന്നെ മൂന്നും നാലും സാരി വലകൾ ഉപയോഗിക്കും. മത്സ്യങ്ങളെ പൂർണമായും അരിച്ചെടുക്കുന്ന സാരി വലക്കെതിരെ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ജനകീയ കൺവെൻഷൻ വിളിച്ചുചേർത്ത് പ്രശ്നങ്ങൾ നാട്ടുകാരെ ബോധ്യപ്പെടുത്താനും തുടർന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ആണ് തീരുമാനം .
അഴിമുഖം അരിച്ചുപെറുക്കി മീൻ പിടിക്കുന്നതിനാൽ രാത്രികാലങ്ങളിൽ കവ്വായി കായലിന്റെ വിവിധ പ്രദേശങ്ങളായ ചെറുവത്തൂർ , മടക്കര, ആയിറ്റി, വെള്ളാപ്പ് മുതൽ ഏഴിമലയുടെ താഴ്വാരം വരെയുള്ള മേഖലയിൽ മത്സ്യം പിടിക്കുന്ന നാടൻ മത്സ്യ തൊഴിലാളികളുടെ നിത്യജീവിതം കടുത്ത പ്രതിസന്ധിയിലാണ്.
മഴക്കാലത്ത് സാധാരണ മികച്ച രീതിയിൽ മത്സ്യം ലഭിക്കുന്നത് ഇപ്പോൾ വെറും കൈയോടെ മടങ്ങേണ്ടുന്ന അവസ്ഥയാണ്. ജനകീയ ആക്ഷൻ കമ്മിറ്റി സമരമടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറഞ്ഞൂ. സർക്കാരും ഫിഷറീസ് വകുപ്പും പ്രശ്നത്തിൽ ഇടപെട്ട് നിരോധിത വലകൾ ഉപയോഗിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാണ് ഉൾനാടൻ മത്സ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.