തൃക്കരിപ്പൂർ: സ്നേഹവാത്സല്യങ്ങൾ പകർന്നേകിയ മുത്തച്ഛനോടുള്ള സ്നേഹാദരങ്ങൾ ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കി പേരക്കുട്ടികൾ. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ പൂർവവിദ്യാർഥികളാണ് അനുസ്മരണത്തിന് വേറിട്ട മാർഗം തിരഞ്ഞെടുത്തത്. ഉദിനൂർ ഗവ. ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥി എസ്.എം. ഫിദലാണ് കൂട്ടുകാരുടെ ഗൃഹാതുര ഓർമകൾ ഏകോപിപ്പിച്ചത്. മുത്തച്ഛന്റെ വിയോഗം ഒട്ടൊരു സങ്കടത്തോടെയാണ് ഡിജിറ്റൽ മാഗസിന്റെ ആമുഖക്കുറിപ്പിൽ ഫിദൽ ഓർക്കുന്നത്.
മാതാപിതാക്കൾ ഈർഷ്യ കാണിക്കുന്നവേളയിൽ, ഒറ്റപ്പെടലിന്റെ സങ്കടങ്ങളിൽ ചേർത്തുപിടിക്കുന്ന വലിയൊരു തണൽമരമായി മുത്തച്ഛനെ കുട്ടികൾ അനുസ്മരിക്കുന്നു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ ആർജിച്ച ശേഷികൾ അവധിക്കാലത്ത് കുട്ടികൾ വീണ്ടെടുക്കുന്നത് അപൂർവ അനുഭവമാണെന്ന് ഉദിനൂർ സെൻട്രൽ സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എ.വി. സന്തോഷ് കുമാർ പറഞ്ഞു.
ഒരു കൈയിൽ സ്കൂൾ ബാഗും മറുകൈയിൽ കുഞ്ഞിക്കൈയും പിടിച്ച് അക്ഷരമുറ്റത്തേക്ക് നടത്തിയ വാത്സല്യം അവർ അങ്ങേയറ്റം വിലമതിക്കുന്നു. പ്ലസ് ടു വിദ്യാർഥി പി.വി. കൃഷ്ണ, എട്ടാംതരം വിദ്യാർഥി പി.വി. ലക്ഷ്മി, അഞ്ചാം ക്ലാസിലെ ശിഖ മുകേഷ്, തവിടിശ്ശേരി ഗവ. ഹൈസ്കൂൾ വിദ്യാർഥി തീർഥ കെ. രാജീവ് എന്നിവരാണ് ഹൃദയസ്പർശിയായ കുറിപ്പുകളെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.