തൃക്കരിപ്പൂര്‍: മണ്ഡല രൂപവൽക്കരണം മുതൽ ചുവപ്പിനൊപ്പം അടിയുറച്ചുനിന്ന പാരമ്പര്യമാണ് തൃക്കരിപ്പൂരിന്. നേരത്തെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മണ്ഡലം 1977ല്‍ വേർപെടുത്തുകയായിരുന്നു. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉൾപ്പെടുന്നത്. രണ്ടു മുഖ്യമന്ത്രിമാരെ തലസ്ഥാനത്തേക്കയച്ച തൃക്കരിപ്പൂർ ഒരു തവണ പ്രതിപക്ഷ നേതാവിനെയും സമ്മാനിച്ചു.
പാർട്ടിക്ക് വമ്പിച്ച അടിത്തറയുള്ള പഞ്ചായത്തുകള്‍ ചേർത്ത് കണ്ണൂര്‍ കാസർകോട് ജില്ലകളിലായി ഉരുക്കുകോട്ടയായി നിലകൊണ്ടു. 2008ൽ കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍ ഒഴിവാക്കിയതോടെ മണ്ഡലം ജില്ലക്കകത്തായി. മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന പതിനൊന്ന് തെരഞ്ഞെടുപ്പിലും നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധീകരിച്ചത് ഇടതുമുന്നണിയാണ്. ലോക്സഭാംഗമായിരുന്ന പി. കരുണാകരന് 1977ലും 1980ലും തൃക്കരിപ്പൂരിന്റെ സാമാജികനായി. 1982 ല്‍ ഒ.ഭരതന് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മത്സരിച്ച ഇ.കെ. നായനാരും(1987- 1995) കെ.പി. സതീഷ് ചന്ദ്രനും(1996- 2005) കെ. കുഞ്ഞിരാമനും (2006- 2016) പിന്നീട് എം. രാജഗോപാലനും രണ്ടു ടേം വീതം തെരഞ്ഞെടുക്കപ്പെട്ടവരാണ്. മണ്ഡല പുനഃർനിർണയത്തിന് മുമ്പ് പ്രഥമ കമ്യൂണിസ്റ്റ് സഭ അധികാരമേറ്റപ്പോൾ ഇ.എം.എസും പിന്നീട് നായനാരുമാണ് ഇവിടെ നിന്ന് മുഖ്യമന്ത്രിമാരായത്. 1991ൽ രണ്ടാംവട്ടം വിജയിച്ച നായനാർ പ്രതിപക്ഷ നേതാവായി.
ഇതില്‍ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ മുസ്ലിം ലീഗിന്റെ സാരഥ്യത്തിലും വെസ്റ്റ് എളേരിയിൽ കോൺഗ്രസ് നേതൃത്വത്തിലും യു.ഡി.എഫ് ഭരിക്കുന്നു. തുടർച്ചയായി രണ്ടുതവണ ഭരിച്ച ഇടതുമുന്നണിയിൽ നിന്ന് കഴിഞ്ഞ തവണ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തതാണ്, ഡി.ഡി.എഫ് വിഷയത്തിലുള്ള കോൺഗ്രസ് പിളർപ്പ് രാജിയായതോടെ ഈസ്റ്റ് എളേരിയിൽ ഭരണം വീണ്ടും കോൺഗ്രസിലെത്തി. വലിയപറമ്പ, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, നീലേശ്വരം നഗരസഭ എന്നിവ എല്‍.ഡി.എഫ് ഭരണത്തിലാണ്.
മണ്ഡലത്തിന്റെ അതിരുകള്‍ മാറി മറിഞ്ഞിട്ടും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയുടെ ശരാശരി ഭൂരിപക്ഷം 13,317 ആണ്. 1977 ല്‍ പി.കരുണാകരന്റെ പേരിലാണ് ഏറ്റവും കുറഞ്ഞ (6120) ഭൂരിപക്ഷം.
കൂടിയത് (26137) 2021 ലെ തെരഞ്ഞെടുപ്പില്‍ എം,രാജഗോപാലൻ നേടിയതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ കണക്കുകള്‍ വ്യത്യാസപ്പെടുകയും ചെയ്യും. കഴിഞ്ഞ ലോകളസഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ കേവലം 1899 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.പി. സതീഷ് ചന്ദ്രന് തൃക്കരിപ്പൂരിൽ നിന്ന് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മെച്ചപ്പെടുന്ന വോട്ടോഹരിയുടെ കണക്കിൽ കണ്ണുവെച്ചാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ വെച്ചുപുലർത്തുന്നത്.
നിലവിലെ വോട്ടർമാർ
2019ലെ ലോക്സഭ വോട്ടുനില
2021 നിയമസഭ തെരഞ്ഞെടുപ്പ്
തദ്ദേശസ്ഥാപന ഭരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.