തൃക്കരിപ്പൂർ: കാലുകൾ കൊണ്ട് ചില്ലത്തുമ്പിൽ തൂങ്ങിയാടി സദ്യവട്ടങ്ങൾ എത്തിനോക്കിയ വാനരപ്പട കാണികൾക്ക് കൗതുകമായി. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി അവിട്ടം നാളിൽ ഒരുക്കിയ ഓണസദ്യയാണ് തനിമയാർന്ന ഓണസന്തോഷമായി മാറിയത്.
മേശയിൽ ഇലവിരിച്ച് വിളമ്പിയ വിഭവങ്ങൾ ആവോളം അകത്താക്കി ചിലർ നിമിഷനേരം കൊണ്ട് ചാടി മറഞ്ഞു. കാണികളെ അകറ്റാൻ പല്ലിളിച്ച് കൊഞ്ഞനം കുത്തി വാനരക്കൂട്ടം മേശകളിൽ തലങ്ങും വിലങ്ങും ഓടിനടന്നു. വാർധക്യത്തിന്റെ അവശതകൾ വകവെക്കാതെ കാവിനരികിലേക്ക് കടന്നുവന്ന് ചാലിൽ മാണിക്കമ്മയും സിനിമാനടൻ പി.പി. കുഞ്ഞികൃഷ്ണനും സദ്യക്ക് നേതൃത്വം നൽകി.
വാനരർക്കുള്ള പതിനാറാമത് ഓണസദ്യയിൽ പതിനാറ് വിഭവങ്ങളാണ് ഉപ്പുചേർക്കാത്ത ചോറിനൊപ്പം വിളമ്പിയത്.ചക്ക, പൈനാപ്പിൾ, തണ്ണിമത്തൻ, കാരറ്റ്, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി, ചെറുപഴം, നേന്ത്രപ്പഴം, ഉറുമാൻ പഴം, മത്തൻ, സീതാപ്പഴം, പപ്പായ, പാഷൻ ഫ്രൂട്ട്, നെല്ലിക്ക, സപ്പോട്ട എന്നീ പഴങ്ങളും പച്ചക്കറികളുമാണ് കൊതിയൂറും വിഭവങ്ങളായി കുട്ടികൾ വിളമ്പിയത്.
സംഘത്തലവൻ പപ്പിക്ക് ഏറെ ഇഷ്ടം ചക്കയോടായിരുന്നെങ്കിലും മറ്റുള്ളവർ ഉറുമാൻ പഴത്തിനു വേണ്ടി മത്സരിച്ചു. പഴങ്ങളും പച്ചക്കറികളും നീളത്തിലും വട്ടത്തിലുമൊക്കെ പാത്രത്തിൽ മുറിച്ചിട്ട് ഓണപ്പാട്ടുകൾ പാടിയാണ് കുട്ടികൾ ഘോഷയാത്രയായി കാവി നരികിലെത്തിയത്. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങൾ തൂക്കിയിട്ടത് സദ്യക്ക് പൊലിമയേകി.
ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ, ഗ്രന്ഥാലയം സെക്രട്ടറി വി.കെ. കരുണാകരൻ, ബാലവേദി കൺവീനർ എം. ബാബു, പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, പി.വി. സുരേശൻ, എ. സുമേഷ്, എം. കൃഷ്ണൻ, പി. സുധീർ, എൻ.കെ. സതീശൻ, സി. ജലജ, സ്വാതി വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.