തൃക്കരിപ്പൂർ: സെർവർ തകരാറിനെ തുടർന്ന് ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് മുടങ്ങി. ടോക്കണെടുത്ത് കാത്തിരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് കുത്തിവെപ്പെടുക്കാതെ മടങ്ങേണ്ടിവന്നു. ഉടുമ്പുന്തല കേന്ദ്രത്തിൽ കോവാക്സിൻ, കോവിഷീൽഡ് എന്നിവ സ്വീകരിക്കാൻ രാവിലെ തന്നെ ആളുകൾ എത്തിയിരുന്നു. പ്രവാസികളെ ഉദ്ദേശിച്ചാണ് ഒരേദിവസം രണ്ടുതരം വാക്സിനും നൽകാൻ സംവിധാനം ഉണ്ടാക്കിയത്. ഇതിനായി വെവ്വേറെ മുൻഗണന ടോക്കണുകൾ നൽകുകയും ചെയ്തു.
രാവിലെ രജിസ്റ്റർ ചെയ്ത 120 പേരിൽ 10 ആളുകൾ ബാക്കിയിരിക്കെയാണ് വെബ് സൈറ്റിൽ തടസ്സം നേരിട്ടത്. ഉച്ചതിരിഞ്ഞും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. കാത്തിരിക്കുന്ന ആളുകൾക്ക് കോവിൻ സൈറ്റിൽ നിന്നുള്ള സന്ദേശം വന്നതോടെ ആശയക്കുഴപ്പമായി. കുത്തിവെപ്പ് ജൂൺ നാലാം തീയതിയിലേക്ക് മാറ്റി എന്നായിരുന്നു അറിയിപ്പ്. ആളുകൾ ബഹളം വെക്കുമ്പോഴാണ് അധികൃതർ ഈ വിവരം തന്നെ അറിയുന്നത്.
ഒരാഴ്ച വൈകിയുള്ള കുത്തിവെപ്പ് പ്രവാസികളിൽ പലർക്കും പ്രയാസമായി. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും ഹെൽത്ത് ഇൻസ്പെക്ടറും കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ആളുകൾ മടങ്ങിയത്. ഇന്നത്തെ ടോക്കണിൽതന്നെ അടുത്ത തീയതിയിൽ വാക്‌സിൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.