തൃക്കരിപ്പൂർ: ടൗണിലെ പാതയോരങ്ങൾ കല്ലുപാകി മനോഹരമാക്കാൻ നടപടി തുടങ്ങി. പഞ്ചായത്ത് പദ്ധതിയിൽ 6.3 ലക്ഷം ചെലവഴിച്ചാണ് സൗന്ദര്യ വത്കരണത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാരിനും ജില്ല പഞ്ചായത്തിനും സമർപ്പിച്ച് നിരസിക്കപ്പെട്ട പദ്ധതിയാണ് പഞ്ചായത്ത് സ്വന്തം നിലക്ക് നടപ്പാക്കി ത്തുടങ്ങിയത്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള ഭാഗത്താണ് ആദ്യ ഘട്ടം.
തൃക്കരിപ്പൂർ ടൗണിലുള്ള ഓവുചാലുകൾ നവീകരിച്ച് കൈവരികളുള്ള നടപ്പാതകൾ പണിത് ഇരുവശത്തും ഇൻറർലോക്ക് ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ ആവശ്യം ഉന്നയിച്ച് രണ്ടരക്കോടി രൂപയുടെ പദ്ധതി തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. നിരസിച്ച പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസിന് മുന്നിലെ ജില്ല പഞ്ചായത്തിന്റെ മെക്കാഡം റോഡ് പ്രവൃത്തി നടക്കുമ്പോൾ ടൗൺ ഭാഗത്ത് റോഡിന്റെ ഇരുവശത്തും തുടർ പദ്ധതിയായി ഇൻറർലോക്ക് ചെയ്ത് മനോഹരമാക്കണമെന്ന് ജില്ല പഞ്ചായത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. പൊതുമരാമത്ത് പദ്ധതി നടപ്പായാൽ ഇതര ഗ്രാമീണ റോഡുകളുടെ പാർശ്വഭാഗങ്ങളിലും നടപ്പാത ഒരുക്കി മനോഹരമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ബാവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.