കാസർകോട്: മംഗളൂരുവിൽ കോളജുകൾ തുറന്നെങ്കിലും യാത്ര സൗകര്യമില്ലാതെ കാസർകോട്ടെ വിദ്യാർഥികൾ ദുരിതത്തിൽ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യത്തിനില്ലാത്ത അതിർത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസർകോട് എന്നിവിടങ്ങളിൽനിന്നായി നിരവധി വിദ്യാർഥികളാണ് മംഗളുരുവിലെ വിവിധ കോളജുകളിൽ പഠിക്കുന്നത്. ഈ കോളജുകൾ തുറന്നു റെഗുലർ ക്ലാസുകൾ ആരംഭിച്ചതോടെയാണ് വിദ്യാർഥികൾ കുടുങ്ങിയത്.
യാത്രക്കായി ട്രെയിനിനെയും കേരള, കർണാടക ആർ.ടി.സി ബസുകളെയുമാണ് ഇവർ ആശ്രയിച്ചിരുന്നത്. എന്നാൽ, ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് ട്രെയിൻ ഓടുന്നുണ്ടെങ്കിലും രാവിലെയും വൈകീട്ടും വിദ്യാർഥികൾക്ക് പോകാനും വരാനും പറ്റുന്ന സമയത്തുള്ള ട്രെയിനുകൾ പുനരാരംഭിച്ചിട്ടില്ല. മംഗളൂരുവിലേക്ക് നേരിട്ടുള്ള ആർ.ടി.സി ബസുകളുടെയും സ്ഥിതി മറിച്ചല്ല. തലപ്പാടി അതിർത്തിവരെ കേരള ബസും അവിടെ ഇറങ്ങി കർണാടക ബസും പിടിച്ചാണ് ഇപ്പോൾ വിദ്യാർഥികളുടെ യാത്ര. കൂടുതൽ പ്രഫഷനൽ കോളജുകളുള്ള ദേർലകട്ടക്ക് നേരത്തേയുണ്ടായിരുന്ന ഒരു ബസിനു പകരം മൂന്നു ബസ് മാറിക്കയറേണ്ട ദുരവസ്ഥയിലാണ് കുട്ടികൾ. പണനഷ്ടത്തിന് പുറമെ സമയ നഷ്ടം കാരണം വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസിലെത്താൻ പറ്റാത്ത അവസ്ഥയാണ്. വളരെ ഉയർന്ന വാടക നൽകി ഫ്ലാറ്റ് എടുത്തു താമസിക്കാൻ നിർബന്ധിതരാവുകയാണ് പലരും.
സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കോവിഡ് കാലത്ത് ഇത് രക്ഷിതാക്കളുടെ നട്ടെല്ലൊടിക്കുന്നതാണ്. കർണാടക ആർ.ടി.സി മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് നേരിട്ടു ബസ് ഓടിക്കാൻ തയാറാണ്. ഇക്കാര്യത്തിൽ അനുമതി തേടി കാസർകോട് ജില്ല കലക്ടർക്കു അപേക്ഷ നൽകി മൂന്ന് മാസമായത്രെ. കലക്ടർ അത് ശിപാർശ ചെയ്തു കേരള ട്രാൻസ്‌പോർട്ട് കമീഷണർക്ക് അയച്ചതായും വിവരമുണ്ട്. പക്ഷേ, തുടർ നടപടികൾക്കായി ജനപ്രതിനിധികളുടെ ഇടപെടലില്ലാത്തതിനാൽ ഉത്തരവായില്ല. സ്വന്തമായി കാറുള്ളവർക്ക് മംഗളൂരുവിൽ പോയി വരാൻ തടസ്സമില്ല. പൊതു വാഹനത്തെ ആശ്രയിക്കുന്ന സാധാരണക്കാരൻ മാത്രം ബസ് ഇടക്കുവെച്ച് മാറികയറണമെന്നു പറയുന്നത് എന്ത് ന്യായത്തിെൻറ പേരിലാണെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ചോദിക്കുന്നു.
അനുമതി നൽകണം -സൗഹൃദ ഐക്യവേദി
കാസർകോട്: കർണാടക ആർ.ടി.സിക്കു അതിർത്തി സ്ഥലങ്ങളായ മംഗളൂരു, ബി.സി. റോഡ് എന്നിവിടങ്ങളിൽ നിന്നും കാസർകോട്ടേക്ക് നേരിട്ട് ബസ് ഓടിക്കാൻ ഉടൻ അനുമതി നൽകണമെന്ന് കാസർകോട് സൗഹൃദ ഐക്യവേദി സർക്കാർ അധികാരികളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നും ഐക്യവേദി അഭ്യർഥിച്ചു.
ബസ് സർവിസ് പുനഃസ്ഥാപിക്കണം
കാസർകോട്: യാത്രാ ദുരിതം നേരിടുന്ന മംഗളൂരു- കാസർകോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. മംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലേക്ക് പഠനത്തിനും ജോലിക്കും പോകാൻ മൂന്നോളം ബസുകളാണ് യാത്രക്കാർ മാറി കയറേണ്ടി വരുന്നത്. നിലവിൽ കാസർകോട് നിന്ന് കെ.എസ്.ആർ.ടി.സി ബസ് തലപ്പാടി വരെ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. പ്രശ്നപരിഹാരത്തിന് കാസർകോട്-മംഗളൂരു ജില്ല ഭരണാധികാരികൾ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയവേദി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.