ഉപ്പള: ശുചിത്വം ഇല്ലെന്നാരോപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പേരെടുത്ത് വിമർശിച്ച മംഗൽപാടി പഞ്ചായത്തിനെ മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു. മുസ്ലിം ലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പദ്ധതിയായ ‘സ്വച്ഛം സുകൃതം’ കാമ്പയിൻ പദ്ധതി മന്ത്രി സജി ചെറിയാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് ‘മുള്ളിനെ മുള്ളുകൊണ്ട് എടുത്ത്’ മധുരമായി കണക്ക് തീർക്കുകയായിരുന്നു.
മഞ്ചേശ്വരം നിയമസഭാംഗം എ.കെ.എം അഷ്റഫിന് നൽകി ‘സ്വച്ഛം സുകൃതം’ പദ്ധതി ലോഗോ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ‘ഇത്തരം മാതൃകാപരമായ പരിപാടികളിൽ യുവാക്കളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അതിലൂടെ മാലിന്യ നിർമാർജനമെന്ന സാമൂഹിക ഉത്തരവാദിത്തം ഒരു മുന്നേറ്റമായി മാറട്ടെ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മംഗൽപാടിയുടെ മാലിന്യ പ്രശ്നത്തിൽ ഭരണസമിതിയുടെ ക്രിയാത്മകമായ ഇടപെടലുകളെ അഭിനന്ദിക്കുന്നതായി എം.എൽ.എ അറിയിച്ചു.
ഒരാഴ്ചമുമ്പ് കാസർകോട് വന്ന മന്ത്രി എം.ബി. രാജേഷ് കാസർകോട് നഗരസഭ, മംഗൽപാടി പഞ്ചായത്ത് എന്നിവിടങ്ങളിലെ മാലിന്യസംസ്കരണ പരിപാടികളിലെ വീഴ്ചകളെ വിമർശിക്കുകയും നടപടി നേരിടേണ്ടിവരുമെന്ന് വാർത്തസമ്മേളനം വിളിച്ചു പറയുകയും ചെയ്തിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗ് ഭരിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്കെതിരെയായിരുന്നു മന്ത്രിയുടെ വിമർശനം. തുടർന്നാണ് ജില്ലയിലെത്തിയ ഫിഷറീസ്, സാംസ്കാരിക മന്ത്രിയെ ശുചിത്വ കാമ്പയിൻ ഉദ്ഘാടനത്തിന് മംഗൽപാടി പഞ്ചായത്ത് ക്ഷണിച്ചത്.
ശുചിത്വത്തിന് 30 അംഗ സംഘത്തെ രൂപവത്കരിച്ചുള്ള കാമ്പയിന്റെ ഉദ്ഘാടനത്തിനാണ് മന്ത്രിയെ ക്ഷണിച്ചത്. പഞ്ചായത്തിലെ 18 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ള യുവാക്കളിൽ നിന്ന് പദ്ധതിയോട് താല്പര്യമുള്ളവരെ ചേർത്തുകൊണ്ടുള്ള കാമ്പയിൻ ആരംഭിച്ചു.
മൂന്നുമാസമുള്ള പദ്ധതിയുടെ വ്യത്യസ്തങ്ങളായ പരിപാടികളിൽ ഭാഗഭാക്കാവുന്നവർക്ക് ജില്ല ഭരണകൂടത്തിന്റെ സാക്ഷ്യപത്രവും സർട്ടിഫിക്കറ്റും നൽകും. പഞ്ചായത്ത് പരിധിയിലെ ആർക്കും ഈ കാമ്പയിനിൽ അംഗമാവാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.