വെള്ളരിക്കുണ്ട്: പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും തോറ്റതിന് പട്ടികവർഗവിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുൾപ്പെടെ ആറുപേരെ ടി.സി. നൽകി പറഞ്ഞയച്ചതായി പരാതി.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിനെതിരെയാണ് ആരോപണം. ടി.സി ലഭിച്ച ഒരു വിദ്യാർഥിയുടെ പിതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. സംഭവം സ്കൂൾ അധികൃതർ നിഷേധിച്ചിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പരപ്പ പട്ട്ളത്തെ കണ്ണന്റെ മകൻ കമലാണ് ടി.സി വാങ്ങിയ ഒരു വിദ്യാർഥി.
എല്ലാ വിഷയങ്ങളിലും തോറ്റതിനാൽ ഇനി ഇവിടെ പഠിക്കുന്നതിൽ കാര്യമില്ല എന്ന പ്രിൻസിപ്പലിന്റെ നിർദേശത്തെ തുടർന്നാണ് മകൻ ടി.സി. കൈപ്പറ്റിയതെന്ന് കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പരീക്ഷയിൽനേടുന്ന മാർക്കല്ല വിദ്യ അഭ്യസിക്കാനുള്ള മാനദണ്ഡമെന്നും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കലാണെന്നും ഈ പിതാവിന്റെ കുറിപ്പിലുണ്ട്.
ചിലപ്പോൾ സമയമെടുക്കും. ഈ വിദ്യാഭ്യാസസമ്പ്രദായം മാറണോ മാറ്റണമോ എന്ന് ജനങ്ങൾ ചിന്തിക്കുക എന്ന് ‘ഏറെ വിഷമം പിടിച്ച ദിവസവും നിമിഷവും’എന്നുതുടങ്ങുന്ന കുറിപ്പിൽ കണ്ണൻ പറഞ്ഞു.
സംഭവം വിവാദമായതോടെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്കൂളിലെത്തി മാനേജുമെന്റിനോട് വിശദീകരണം തേടി. തീരുമാനം സ്കൂൾപ്രിൻസിപ്പലിന്റെതാണെന്നും ആവശ്യമെങ്കിൽ പുനപരിശോധിക്കാമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ മറുപടി നൽകി. അതേസമയം ആറുകുട്ടികൾ ടി.സി. വാങ്ങിയ കാര്യം പ്രിൻസിപ്പൽ കെ.കെ. സാജു സ്ഥിരീകരിച്ചു.
എല്ലാവരും അവരുടെ ഇഷ്ടപ്രകാരം അപേക്ഷിച്ചതാണ്. കണ്ണന്റെ മകനുവേണ്ടി കണ്ണൻതന്നെയാണ് ടി.സി വാങ്ങാനെത്തിയത്. അദ്ദേഹം തന്നെയാണ് അപേക്ഷ എഴുതി കൈമാറിയത്. ആരെയും പറഞ്ഞയിച്ചിട്ടില്ല. പത്താംക്ലാസ് കഴിഞ്ഞാൽ കുട്ടികൾക്ക് പ്ലസ് ടു അല്ലാതെ മറ്റ് മാർഗങ്ങളും ഉണ്ട്. ഐ.ടി, പോളി തുടങ്ങിയവ. അതുകൊണ്ട് ടി.സി. വാങ്ങി എവിടെ ചേരുന്നുവെന്ന് ടി.സിയിൽ പരാമർശിക്കേണ്ടതില്ല എന്ന് പ്രിൻസിപ്പൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ പറഞ്ഞത് അസത്യമാണ്. പി.ടി. യോഗം വിളിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് -പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.