വെള്ളരിക്കുണ്ട്: അരുമമായി വളർത്തിയ ടര്‍ക്കി കോഴിയെ കാണാതായതിൽ മനംനൊന്ത് ജില്ല പൊലീസ് മേധാവിയോട് പരാതി പറഞ്ഞ് കുട്ടികൾ. പാലാവയലിലെ മജോ അബ്രഹാമിെൻറയും സോഫിയുടെയും മക്കൾ വാത്സല്യത്തോടെ വളർത്തിയ ടർക്കി കോഴിയെയാണ് കാണാതായത്.
വീട്ടുകാർക്ക് ഇതൊരു സാധാരണ കോഴി മോഷണമാണെങ്കിലും ഇവരുടെ മക്കളായ അബ്രഹാം, ആഗ്നസ്, അല്‍വിന, ഏയ്ഞ്ചലിന, ആന്‍ഡ്രിന എന്നിവർക്ക് ജീവനുതുല്യം സ്നേഹിച്ച മിണ്ടാപ്രാണിയെയാണ് നഷ്ടപ്പെട്ടത്. അത് സഹിക്കാവുന്നതിലുമപ്പുറമായതിനെ തുടർന്ന് ഇവർ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. പരാതിയെത്തുടർന്ന് മേഖലയിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് മോഷ്ടക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സഹജീവിസ്നേഹവും കൃഷിയോടുള്ള ആഭിമുഖ്യവും വളർത്താനാണ് മജോയും സോഫിയും മക്കള്‍ക്ക് വളർത്തുമൃഗങ്ങളെ വാങ്ങി നൽകിയത്. ടര്‍ക്കി ഇനത്തില്‍പെട്ട ഒരു പൂവനും പിടയുമാണ് ഉണ്ടായിരുന്നത്.
പന്ത്രണ്ട് കിലോയോളം തൂക്കമുണ്ടായിരുന്നു കാണാതായ ടർക്കിക്ക്. കുട്ടികളുടെ ഉറ്റ ചങ്ങാതിയായിരുന്നു. നാലുദിവസമായി കാണാതായിട്ട്. മോഷ്ടിക്കപ്പെട്ടതാണെന്നാണ് കരുതുന്നത്. കോഴിയെ നഷ്ടപ്പെട്ട അന്ന് രാവിലെ തന്നെ കുട്ടികള്‍ നേരെ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനില്‍ചെന്ന് പരാതി പറഞ്ഞിരുന്നു. കൂട്ടത്തിലെ വല്യേട്ടനായ ഏഴാം ക്ലാസുകാരന് അബ്രഹാമിെൻറ നേതൃത്വത്തില്‍ ആറാം ക്ലാസുകാരി ആഗ്നസും അഞ്ചാം ക്ലാസുകാരി അല്‍വിനയും നാലാം ക്ലാസുകാരി ഏയ്ഞ്ചലിനയും യു.കെ.ജിക്കാരി ആന്ഡ്രിനയുമടങ്ങുന്ന സംഘമാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വിഷയത്തിെൻറ ഗൗരവം ലോക്കൽ പൊലീസിനു പിടികിട്ടിയില്ലെങ്കിലോ എന്ന് കരുതിയാണ് ജില്ല പൊലീസ് മേധാവിക്ക് ഫോൺ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.