അത്യാസന്ന രോഗിയെ അതിവേഗം തിരുവനന്തപുരത്തെത്തിച്ച് ആംബുലൻസ് ഡ്രൈവർ

ആലുവ: ആലുവയിൽനിന്ന്​ അത്യാസന്ന നിലയിലായ രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അതിവേഗം എത്തിച്ച് ആംബുലൻസ് ഡ്രൈവർ. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന കുമാർ എന്ന തിരുവനന്തപുരം സ്വദേശിക്കാണ് വാട്സ്​ആപ് കൂട്ടായ്മയു​ം നാട്ടുകാരും പൊലീസും തുണയായത്. പ്രമേഹത്തെതുടർന്ന് കാലിലെ മുറിവിൽ ഗുരുതര രീതിയിൽ പഴുപ്പുണ്ടാകുകയായിരുന്നു. ശസ്ത്രക്രിയ നടത്താൻ വെള്ളിയാഴ്ച അടിയന്തരമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനയായ ഇ.എ.ആർ.ടിയുടെ സംസ്ഥാന പ്രസിഡൻറും നജാത്ത് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുമായ സഗീർ അറക്കലിനെ ബന്ധപ്പെട്ടു.

എറണാകുളത്തേക്ക് യാത്ര തുടങ്ങിയപ്പോൾതന്നെ രോഗിയുടെ കാലിൽനിന്ന് വലിയതോതിൽ രക്തം പുറത്തേക്ക് പോയിത്തുടങ്ങിയിരുന്നു. ഉടൻ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ ചികിത്സിക്കാൻ അധികൃതർ വിമുഖത കാണിക്കുകയായിരുന്നു. തുടർന്നാണ് കുമാറി​െൻറ കുടുംബം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.

രക്തം വാർന്നുപോകുന്നതിനിടയിൽ കുമാർ അബോധാവസ്ഥയിലാകുകകൂടി ചെയ്തതോടെ സ്ഥിതി വഷളായി. തുടർന്ന് ആംബുലൻസ് ഡ്രൈവർ സഗീർ പൊലീസിനെയും വാട്സ്ആപ് കൂട്ടായ്മകളെയും അറിയിക്കുകയും അവരുടെകൂടി സഹകരണത്തോടെ അതിവേഗം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയുമായിരുന്നു. വൈകീട്ട് 5.30ന് പുറപ്പെട്ട ആംബുലൻസ് രാത്രി 8.25ന് ആശുപത്രിയിലെത്തി.

മൂന്നുവർഷംമുമ്പ് മരണവക്കിലെത്തിയ മുർഷിദാബാദ് സ്വദേശിയെ നാട്ടിലെത്തിച്ച് സഗീറും സഹഡ്രൈവർ അനീഷ് ഫ്രാൻസിസും ശ്രദ്ധനേടിയിരുന്നു.

Tags:    
News Summary - Ambulance driver rushed the patient to Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.