വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പു​ക്കാ​ട്ടു​പ​ടി ക​വ​ല​യി​ൽ കെ- ​റെ​യി​ൽ സ​ർ​വേ​ക്കെ​തി​രെ ത​ടി​ച്ചു​കൂ​ടി​യ​വ​ർ

കെ-റെയിൽ: പ്രതിരോധം തീർത്ത് ജനങ്ങൾ

എടത്തല: കെ-റെയിൽ സർവേ കല്ലിടലിനെതിരെ ജനരോഷം കനക്കുന്നു. ശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ച എടത്തല പഞ്ചായത്തിലുണ്ടായത്.എട്ടാം വാർഡിലാണ് പ്രധാനമായും കല്ലിടലുണ്ടായത്. ഇവിടെ ഓരോ ഭാഗത്തും സ്ത്രീകളടക്കമുള്ളവർ പ്രതിരോധം തീർത്തു.

രാവിലെ തോലക്കര ലൈനിൽനിന്നാണ് സർവേ ആരംഭിച്ചത്. പറമ്പിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ വീട്ടുടമയായ മുഹമ്മദാലി തടഞ്ഞു. നിലത്തുകിടന്ന് പ്രതിഷേധിച്ച അദ്ദേഹത്തെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ശാന്തിഗിരി പരിസരത്ത് അറക്കപ്പറമ്പിൽ ജോയ്, സഹോദരൻ മത്തായി എന്നിവരുടെ പുരയിടങ്ങളിൽ കല്ലിടാനുള്ള ശ്രമത്തിനെതിരെയും കുടുംബം പ്രതിഷേധിച്ചു.

മത്തായിയെയും മകൻ ബോണിയെയും പൊലീസ് ഉന്തി താഴെയിട്ടതായി ആരോപണമുണ്ട്. വയറോപ്സ് കമ്പനിക്ക് സമീപം മരുത്തംകുടി ഖാദറിന്‍റെ വീട്ടിലും ശക്തമായ പ്രതിഷേധമുയർന്നു. പഴയിടത്ത് സുഹ്റ പൊലീസ് ബലപ്രയോഗത്തിൽ കുഴഞ്ഞുവീണു. ഇവരെ തഖ്ദീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസി‍െൻറ ബലപ്രയോഗത്തിൽ പഴയിടത്ത് ജബ്ബാറി‍െൻറ കൈകാലുകൾ മുറിഞ്ഞു. ഇദ്ദേഹത്തെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാനൂറോളം പൊലീസുകാരുടെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്.

സ്ത്രീകൾ അടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കീഴ്മാട് പഞ്ചായത്തിൽ പല പുരയിടങ്ങളിലും കല്ലിടാൻ കഴിഞ്ഞിരുന്നില്ല. എടത്തലയിൽ ഏതു വിധേനയും കല്ലിടാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ, പുക്കാട്ടുപടി ബൈപാസ് കവലയിലെത്തിയപ്പോൾ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടലുകൾ തെറ്റി.

വിവിധ രാഷ്‌ട്രീയ പാർട്ടി പ്രവർത്തകർ, സമര സമിതിക്കാർ, നാട്ടുകാർ, ഭൂവുടമകൾ തുടങ്ങി നൂറുകണക്കിനാളുകൾ റോഡിൽ തടിച്ചുകൂടി. ഇതോടെ സർവേ നടത്താൻ സാധിച്ചില്ല. ജനങ്ങൾ കൂടിയതോടെ സർവേ അവസാനിപ്പിച്ച് അധികൃതർ മടങ്ങി.

വ്യാഴാഴ്ച നടന്ന സമരത്തിന് കെ.എം. ഷംസുദ്ദീൻ, എം.എ.എം. മുനീർ, വി.എ. പരീത് കുഞ്ഞ്, വള്ളൂരാൻ അഷ്റഫ്, കെ.എം. അഷ്റഫ്, ടി.എം.എ. ഇബ്രാഹീം കുട്ടി, കെ.കെ. ഇല്യാസ്, വി.എസ്. അഹമ്മദ് കുട്ടി, ലോറൻസ് പടനിലത്ത്, അസീസ് തച്ചയിൽ, മുംതാസ് ടീച്ചർ, ജനപ്രതിനിധികളായ എൻ.എച്ച്. ഷബീർ, ടി.എം. അബ്ദുൽ കരീം, ഷൈനി ടോമി, ഹസീന ഹംസ, ആബിദ ഷരീഫ്, ജസീന്ത ബാബു, റസീന, ജാസ്മിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - k rail protest in edathala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.