എടവനക്കാട്: വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിൽ അനധികൃത പാർക്കിങ്ങും അമിതവേഗവും അപകടക്കെണിയായി മാറി. ദിനംപ്രതി നാലും അഞ്ചും അപകടങ്ങളാണ് സംഭവിക്കുന്നത്. ചൊവ്വാഴ്ച രാവിലെ എടവനക്കാട് അണിയിലും വൈകീട്ട് കുഴുപ്പിള്ളിയിലുമായി രണ്ട് വാഹനാപകടങ്ങളാണ് ഉണ്ടായത്. അണിയൽ ബസാറിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റിരുന്നു.
പള്ളത്താംകുളങ്ങര തെക്കേ വളവിൽ നിർത്തിയിട്ടിരുന്ന ട്രാവലറിനുപിന്നിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചാണ് അപകടം. വാഹനങ്ങളുടെ അമിത വേഗതക്ക് പുറമേ സംസ്ഥാന പാതക്ക് ഇരുവശങ്ങളിലുമുള്ള അനധികൃത കൈയേറ്റങ്ങളും റോഡുകളുടെ ഉയര വ്യത്യാസവും അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനപാതക്ക് സമീപമുള്ള കടകളിലേക്ക് സാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ നിയമങ്ങൾ കാറ്റിൽപറത്തി തലങ്ങും വിലങ്ങും തോന്നിയതുപോലെയാണ് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇട റോഡുകളിൽനിന്ന് മെയിൻ റോഡിലേക്ക് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. എതിർഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പലപ്പോഴും കാണാൻ കഴിയാത്ത രീതിയിൽ റോഡിലേക്ക് കയറിയാണ് പാർക്ക് ചെയ്യുന്നത്. സംസ്ഥാനപാതയിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വേഗം നിയന്ത്രിക്കാതെ അലസമായി എത്തുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. പലയിടത്തും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.