എടത്തല: വാഹനത്തിരക്കേറിയ കോമ്പാറ - മെഡിക്കൽ കോളജ് റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ശക്തം. എടത്തല പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പല റോഡുകളും ഈ റോഡുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പഞ്ചായത്തിൽനിന്ന് സമീപ പഞ്ചായത്തുകളിലേക്കുള്ള പല റോഡുകളും കോമ്പാറ - മെഡിക്കൽ കോളജ് റോഡിൽനിന്ന് ആരംഭിക്കുന്നുമുണ്ട്.
എൻ.എ.ഡി, മെഡിക്കൽ കോളജ്, കാക്കനാട് സിവിൽ സ്റ്റേഷൻ, ദേശീയപാത തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള റൂട്ടാണിത്. ഈ റോഡിലൂടെ ഓരോ മിനിറ്റിലും ധാരാളം വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. നിരവധി ആംബുലൻസുകളാണ് നിരന്തരം സഞ്ചരിക്കുന്നത്. രാവിലെയും വൈകീട്ടും സ്കൂൾ ബസുകളുടെ തിരക്കുമുണ്ട്.
ഇത്രയും പ്രധാനമേറിയ ഈ റോഡ് വികസിപ്പിക്കണമെന്ന് നാളുകളായി മാറിമാറിവരുന്ന സർക്കാറുകളോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകാൻ കഴിയാത്ത വിധം നാശമായി കിടക്കുകയാണ്. പല ഭാഗത്തും റോഡിന് വീതിയില്ല. അതിനാൽ തന്നെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. കൊടികുത്തുമല, കോമ്പാറ, മണലിമുക്ക് തുടങ്ങിയ പ്രധാന കവലകളും ഈ റോഡിൽ വരുന്നു.
തിരക്കേറിയ കവലകളും ഇടുങ്ങിയവയാണ്. കവലകളുടെ വികസന കാര്യത്തിലും യാതൊരു നടപടിയുമില്ല. കോമ്പാറ -മെഡിക്കൽ കോളജ് റോഡിൽ കോമ്പാറ കവലയിൽനിന്ന് അൽ അമീൻ കോളജ്, മലയപള്ളി വഴി ചൂണ്ടി - കിഴക്കമ്പലം റോഡിലേക്ക് ഒരു പ്രധാന റോഡുണ്ട്. കുന്നത്തേരി, തായിക്കാട്ടുകര വഴി ദേശീയപാതയിലേക്കും റോഡുണ്ട്. ഈ രണ്ട് വഴികളിലൂടെയും നിരവധി വാഹനങ്ങൾ കോമ്പാറ കവലയിലും കോമ്പാറ - മെഡിക്കൽ കോളജ് റോഡിലും എത്തുന്നുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്നും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ലോറികളും മറ്റു നിരവധി വാഹനങ്ങളും കടന്നു പോകുന്നതും കോമ്പാറ - മെഡിക്കൽ കോളജ് റോഡിലൂടെയാണ്. എന്നാൽ, ഇത്രയും വാഹനങ്ങൾക്കുള്ള സൗകര്യം ഈ റോഡിലില്ല. വീതി കുറഞ്ഞ റോഡിലെ കൊടുംവളവുകളും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.