കളമശ്ശേരി: സ്വകാര്യ ആശുപത്രി ഡോക്ടറെ ഭീഷണിപ്പെടുത്തി നഗ്നനാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയുൾപ്പെടെ മൂന്നുപേർ കളമശ്ശേരിയിൽ പിടിയിൽ.
നായരമ്പലം പൂഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടത്ത് വീട്ടിൽ അനുപമ രഞ്ജിത് (22), മരട് തുരുത്തി അമ്പലത്തിനടുത്ത് കാട്ടിത്തറ റോഡ് മംഗലപ്പള്ളി വീട്ടിൽ റോഷ് വിൻ (23), കുന്നത്തുനാട് വാഴക്കുളം താണിപ്പറമ്പിൽ വീട്ടിൽ ജംഷാദ് (25) എന്നിവരാണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്.
ഒക്ടോബർ 21ന് രാത്രി പത്തരയോടെ വനിത തിയറ്ററിന് സമീപമുള്ള ഹോട്ടലിലേക്ക് സ്ഥലക്കച്ചവടം സംബന്ധിച്ച് സംസാരിക്കാൻ ഒന്നാം പ്രതി മുഹമ്മദ് അജ്മൽ വിളിച്ചുവരുത്തി. ഹോട്ടൽ മുറിയിലിരുത്തിയ ശേഷം അജ്മൽ പുറത്തിറങ്ങി.
ഈ സമയം മറ്റുള്ളവർ ആയുധങ്ങളുമായി മുറിയിലേക്ക് അതിക്രമിച്ചുകയറി തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് നഗ്നനാക്കി പ്രതി അനുപമയെ ചേർത്തുനിർത്തി ഫോട്ടോയും വിഡിയോയും എടുത്ത് അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം തന്നില്ലെങ്കിൽ ഡോക്ടറുടെ ഭാര്യക്ക് ഫോട്ടോയും വിഡിയോയും അയച്ച് കൊടുക്കുമെന്ന് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി. കുതറിമാറാൻ ശ്രമിച്ച ഡോക്ടറെ അനുപമ കൈയിലിരുന്ന ചുറ്റികകൊണ്ട് അടിച്ച് പരിക്കേൽപിച്ചു.
ഒന്നാം പ്രതി അജ്മലും നാലാംപ്രതി വിനീഷും ഒളിവിലാണ്. തൃക്കാക്കര എ.സി. ജിജിമോൻ, കളമശ്ശേരി സി.ഐ പി.ആർ. സന്തോഷ്, എസ്.ഐമാരായ സുരേഷ്, മധു, ജോസി, എ.എസ്.ഐമാരായ അനിൽകുമാർ, ബിനു, പൊലീസുകാരായ ഹരി, ബിനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.