കോലഞ്ചേരി: ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'ഹെൽത്തി കേരള' കാമ്പയിെൻറ ഭാഗമായി ആരോഗ്യവിഭാഗം തിരുവാണിയൂർ, വണ്ടിപ്പേട്ട, മാമല, ശാസ്താമുഗൾ, പുത്തൻകുരിശ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒമ്പതു സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.
മാമലയിലെ മത്സ്യവിൽപനശാലകളിൽനിന്ന് ഒരാഴ്ചയിലേറെ പഴക്കമുള്ള 22 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. മീൻതട്ടിനു പുറകിലായി രഹസ്യ അറയിൽ കഷണങ്ങളാക്കി വിൽപനക്കായി സൂക്ഷിച്ച അഴുകിയ മത്സ്യം ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. കൂടിയ വിലയ്ക്ക് മുറിച്ചുവിൽക്കുന്ന തരം മത്സ്യം വാങ്ങുന്നവർക്ക് പുതിയ മത്സ്യത്തോടൊപ്പം ഇത്തരം പഴകിയ മീൻകഷണങ്ങളും ചേർത്തു വിൽക്കുന്നതായി ജനങ്ങൾ പരാതിപ്പെട്ടിരുന്നു. പാചകശാലയിലെ ഭക്ഷണമാലിന്യം ആഴ്ചകളായി നീക്കാതെ രോഗാണു സംക്രമണ സാധ്യതക്കിടയാക്കുന്ന തരത്തിൽ പ്രവർത്തിച്ചു വന്നതിനും മാലിന്യം പൊതുവഴിയിലേക്ക് ഒഴുക്കിയതിനും നാല് സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി.
പാചകത്തിനും ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഹോട്ടലുകളിലും ബേക്കറികളിലും നിയമിച്ചിരുന്ന ഹെൽത്ത് കാർഡില്ലാത്ത ഏഴുപേരെ അത്തരം ജോലിയിൽനിന്ന് വിലക്കി. നാല് ഹോട്ടലുകളിൽ പഴകിയ ഭക്ഷണവും പാചകചേരുവകളും സൂക്ഷിച്ചത് കണ്ടെത്തി. പലഹാര നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ആഴ്ചകളായി ആവർത്തിച്ച് ഉപയോഗിച്ചുവന്ന 12 ലിറ്റർ കരിഞ്ഞ പാചകഎണ്ണ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.
തിരുവാണിയൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എൻ. വിനയകുമാർ, ടി.എസ്. അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.