മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ മൂവാറ്റുപുഴ നഗരസഭയിൽ ഭരണം ആറു പതിറ്റാണ്ടിനുശേഷവും നിലനിർത്താനുള്ള ഒരുക്കത്തിലാണ് ഇടതു മുന്നണി. ഇക്കുറി ഭരണം പിടിക്കാൻ സർവ സന്നാഹങ്ങളുമായി യു.ഡി.എഫും കളത്തിലിറങ്ങിയതോടെ തെരഞ്ഞെടുപ്പിന് ചൂടേറിയിട്ടുണ്ട്. 1957 ൽ ലോക ചരിത്രത്തിലാധ്യമായി കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സംസ്ഥാനത്ത്, ഇതിെൻറ തുടർച്ചയെന്നോണം ആദ്യമായി ഇവർ ബാലറ്റു പേപ്പറിലൂടെ അധികാരത്തിലെത്തിയ തദ്ദേശം സ്വയംഭരണ സ്ഥാപനം മൂവാറ്റുപുഴ നഗരസഭയാണ്.
1958ൽ രൂപവത്കൃതമായ മൂവാറ്റുപുഴ നഗരസഭയിലേക്ക് ആദ്യമായിനടന്ന തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തു. ഇ.എം.എസ് സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തു വന്നപ്പോൾ ഇതിനു തടയിടാൻ തങ്ങളുടെ ജനപിന്തുണയുടെ തെളിവായി ഈ നഗരസഭ വിജയത്തെ അവർ ഉയർത്തിക്കാട്ടി സംസ്ഥാനമൊട്ടുക്ക് പ്രചാരണം നടത്തുകയും ചെയ്തു. നഗരസഭ രൂപവത്കൃതമായി ആറു പതിറ്റാണ്ട് പിന്നിടുമ്പോൾ ആകെ അഞ്ചു വർഷം മാത്രമാണ് യു.ഡി.എഫിന് അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. 1974ൽ
രണ്ടര വർഷകാലം കോൺഗ്രസ് നേതാവ് കെ.ആർ. സദാശിവൻ നായരും, പിന്നീട് മുന്നണി സംവിധാനം നിലവിൽ വന്നശേഷം 2000 ത്തിൽ രണ്ടര വർഷക്കാലം എ. മുഹമ്മദ് ബഷീറും ചെയർമാൻമാരായി. കഴിഞ്ഞ അഞ്ചു വർഷത്തെ നഗരസഭ ഭരണത്തിനെതിരെ അണികളിൽ നിന്നുതന്നെ മുറുമുറുപ്പുയരുന്ന സാഹചര്യത്തിൽ ഭരണം നിലനിർത്താൻ പുതുമുഖങ്ങളെ രംഗത്തിറങ്ങാനൊരുങ്ങുകയാണ് ഇടതു മുന്നണി.
നിലവിലെ മുനിസിപ്പൽ ചെയർപേഴ്സൻ അടക്കം മുൻ നിരക്കാരെയെല്ലാം മത്സര രംഗത്തുനിന്ന് മാറ്റിനിർത്തി പാർട്ടി പ്രവർത്തന രംഗത്ത് മുൻനിരയിൽ നിൽക്കുന്ന യുവാക്കളെ കൊണ്ടുവരാനാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. ഇത് നടപ്പായാൽ പല പ്രമുഖരും മത്സരരംഗത്തുണ്ടാകില്ല. യു.ഡി.എഫ് സ്ഥാനാർഥി ലിസ്റ്റ് കൂടി പുറത്തു വന്നാലെ അന്തിമ തീരുമാനമാകൂ. നിലവിൽ യു.ഡി.എഫിൽ പ്രമുഖർ മത്സര രംഗത്തുെണ്ടങ്കിൽ ഇടതുമുന്നണി സ്ഥാനാർഥികളിലും പ്രമുഖർ എത്തിയേക്കും.
സീറ്റ് ചർച്ച തകൃതിയായി നടക്കാൻ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും ചില ജനറൽ വാർഡുകളിൽ സ്ഥാനാർഥി നിർണയം ഇരുമുന്നണികൾക്കും വെല്ലുവിളിയുയർത്തുന്നുണ്ട്. സ്ഥാനാർഥിമോഹികളുടെ തള്ളിക്കയറ്റമാണ് യു.ഡി.എഫ് നേതൃത്വത്തെ വലക്കുന്നത്. കിഴക്കേക്കര, കാവുങ്കര മേഖലകളിൽ ആണ് ഇത് ഏറെയും.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ മുന്നണി പ്രവേശനം ഗുണകരമാകുമെന്ന വിശ്വസത്തിലാണ് ഇടതു മുന്നണി. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് കാവുങ്കര മേഖലയിലടക്കം കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ഐക്യമുന്നണി. 28 വാർഡുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.