പറവൂർ: ബസിടിച്ച് കണ്ണമാലി ചെറിയകടവ് തുണ്ടിപ്പറമ്പിൽ ലക്ഷ്മണന്റെ ഭാര്യ രുക്മിണി (67) മരിച്ച കേസിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് ഡ്രൈവർക്ക് അഡീഷനൽ സെഷൻസ് കോടതി 18 മാസം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘കൃഷ്ണ’ ബസിലെ ഡ്രൈവർ കയ്പമംഗലം എള്ളുപറമ്പിൽ മുനീറിനെയാണ് (28) കോടതി ശിക്ഷിച്ചത്. പിഴത്തുകയിൽ ഒരു ലക്ഷം രൂപ മരിച്ച രുക്മിണിയുടെ അവകാശികൾക്കും 50,000 രൂപ അപകടത്തിൽ പരിക്കേറ്റ രുക്മിണിയുടെ മകൻ ആനന്ദകുമാറിനും നൽകണം.
2018 ഫെബ്രുവരി നാലിന് ദേശീയപാത 66ൽ ചെറിയപ്പിള്ളി കവലയുടെ വടക്ക് ഭാഗത്താണ് കേസിനാസ്പദമായ അപകടം. രുക്മിണിയെ പിന്നിലിരുത്തി ആനന്ദകുമാർ ഓടിച്ചിരുന്ന ബൈക്കിൽ മുനീർ അതിവേഗത്തിൽ ഓടിച്ചുവന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ രുഗ്മിണിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി.
സർക്കിൾ ഇൻസ്പെക്ടറായിരുന്ന ക്രിസ്പിൻ സാമാണ് കേസ് അന്വേഷിച്ചത്. ജഡ്ജി വി. ജ്യോതി ശിക്ഷ വിധിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ അഡ്വ. എം.ബി. ഷാജി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.