പറവൂർ: വിവിധ വില്ലേജ് ഓഫിസുകളിൽനിന്ന് ഭൂമി തരംമാറ്റത്തിനായി ഓഫ്ലൈൻ ആയി നൽകിയ അപേക്ഷകൾ ആർ.ഡി.ഒ ഓഫിസിൽ കെട്ടിക്കിടക്കുന്നു.
വില്ലേജുകളിൽനിന്ന് റിപ്പോർട്ട് സഹിതം ആർ.ഡി.ഒ ഓഫിസിൽ എത്തിയിട്ടും അപേക്ഷകളിൽ ഒരു നടപടിയും സ്വീകരിക്കാത്തത് അപേക്ഷകരെ വലക്കുന്നു. അഞ്ചുവർഷത്തിന് മുകളിൽ പഴക്കമുള്ള അപേക്ഷകളുണ്ട്. ആയിരക്കണക്കിന് അപേക്ഷകരാണ് ആർ.ഡി.ഒ ഓഫിസിൽ കയറിയിറങ്ങുന്നത്.
ഓൺലൈൻ അദാലത്തുകൾ സംഘടിപ്പിക്കുന്നത് പോലെ എത്രയുംപെട്ടെന്ന് ഓഫ്ലൈൻ അപേക്ഷകളിൽ തീർപ്പുണ്ടാക്കണമെന്നാണ് ആവശ്യം.
കൂടാതെ ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിന് വേണ്ടി കൃഷി ഓഫിസുകളിൽ കെട്ടിക്കിടക്കുന്നതും ആയിരക്കണക്കിന് അപേക്ഷകളാണ്. ഈ അപേക്ഷകളിൽ ഒന്നും തീർപ്പു കൽപിക്കുന്നില്ല. അപേക്ഷകർ അന്വേഷിച്ചുചെല്ലുമ്പോൾ എൽ.എൽ.എം.സി കൂടാൻ വില്ലേജ് ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫിസർ ഇവർക്കെല്ലാം ജോലിത്തിരക്കാണെന്നും ലഭിക്കുന്ന മറുപടി. ഓൺലൈൻ അദാലത്ത് തീയതി പ്രഖ്യാപിച്ചതോടെ വില്ലേജ് ഓഫിസുകളിലും ആർ.ഡി.ഒ ഓഫിസിലും ഓഫ്ലൈൻ അപേക്ഷകർ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി.
അദാലത്തിന് ശേഷം ഓഫ് ലൈൻ അപേക്ഷ പരിഗണിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.