പറവൂർ: ജനിച്ചുവളർന്ന വീട് സഹോദര പുത്രൻ പൊളിച്ചുകളഞ്ഞതിനെ തുടർന്ന് കിടപ്പാടമില്ലാതായ ലീലക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമാകുന്നു. പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷനാണ് (പി.ടി.എം.എ) ലീലക്ക് വീട് നിർമിച്ചുനൽകുക. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരുമ്പടന്നയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ലീലയുടെ തറക്കല്ലിടും. നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ മുഖ്യാതിഥിയാകും.
കഴിഞ്ഞ ഒക്ടോബർ 19നാണ് അവിവാഹിതയായ പെരുമ്പടന്ന വാടാപിള്ളി പറമ്പിൽ ലീല (56) യുടെ വീട് സഹോദര പുത്രൻ രമേഷ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പൊളിച്ചുകളഞ്ഞത്. ആലുവയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് ലീല. വൈകീട്ട് തിരിച്ചെത്തിയ ലീല അന്തിയുറങ്ങാനുള്ള വീട് തകർന്നുകിടക്കുന്നത് കണ്ടത്. നാട്ടുകാർ മുൻകൈ എടുത്ത് ലീലക്ക് കിടപ്പാടമൊരുക്കാൻ ശ്രമമാരംഭിച്ചെങ്കിലും ലീലയുടെ സ്വന്തം പേരിൽ ഭൂമിയില്ലെന്നത് പ്രതിസന്ധിയായി. പിന്നീട് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ സഹായത്തോടെ ആറ് സെന്റ് ഭൂമി ലീലയുടെ പേരിലേക്ക് മാറ്റാൻ സാധിച്ചു.
പ്രതിപക്ഷ നേതാവ് രക്ഷാധികാരിയായി രൂപവത്കരിച്ച ‘ലീലക്കൊരു ഭവനം ജനകീയ കമ്മിറ്റി’യുടെ താൽപര്യമനുസരിച്ച് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ സംഘടനയുടെ ഗോൾഡൻ ജൂബിലി സമ്മാനമായി വീടു നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. 514 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീട് നിർമിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, സിറ്റ് ഔട്ട്, ടോയ് ലെറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ടാകും. നാട്ടുകാരുടെ സഹായത്തോടെ ജനകീയ കമ്മിറ്റി മരങ്ങൾ മുറിച്ച് മാറ്റി സ്ഥലം നിരപ്പാക്കി സജ്ജീകരിച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ വ്യാപാരി നേതാക്കളായ എ.ജെ. റിയാസ്, സി.എസ്. അജ്മൽ, കെ.എൽ. ഷാറ്റോ, കെ.ടി. ജോണി, പി.ബി. പ്രമോദ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.