പറവൂർ (എറണാകുളം): നഗരസഭ താലൂക്ക് ആശുപത്രിയിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് ഒന്നാം വാർഡ് കൗൺസിലർ ജോബി പഞ്ഞിക്കാരൻ നഗരസഭ ഓഫിസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. എട്ടര ലക്ഷം രൂപ ചെലവിട്ടാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. ഇതിെൻറ പകുതി തുകക്ക് ആശുപത്രിയുടെ എല്ലാ വാർഡിലേക്കും സോളർ വാട്ടർ ഹീറ്റർ ഉപയോഗിച്ച് വാട്ടർ പ്യൂരിെഫയറുകളിലൂടെ ചൂടുവെള്ളം നൽകാൻ കഴിയുമെന്നിരിക്കെ അധിക തുക മുടക്കി വാട്ടർ എ.ടി.എം സ്ഥാപിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്ററും അഞ്ചുരൂപ നാണയം ഇട്ടാൽ അഞ്ചുലിറ്ററും വെള്ളവും ലഭിക്കുന്ന തരത്തിലാണ് വാട്ടർ എ.ടി.എമ്മിലെ ക്രമീകരണം. താലൂക്ക് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരിൽനിന്ന് കുടിവെള്ളത്തിനായി നഗരസഭ പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജോബി പറഞ്ഞു. വാട്ടർ എ.ടി.എം അധിക തുക നൽകിയാണ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി മുമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ മറ്റൊരു കൗൺസിലറായ എൻ.ഐ. പൗലോസ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയ രണ്ടുപേരുടെ ഫലം പോസിറ്റിവായി. അവർ പുറമെയുള്ള രണ്ട് ലാബുകളിൽ പരിശോധന നടത്തിയപ്പോൾ നെഗറ്റിവ് ആയിരുന്നു ഫലം. ആശുപത്രിയിലെ കോവിഡ് പരിശോധനയിലെ അപാകതകൾ പരിഹരിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നും ജോബി ആവശ്യപ്പെട്ടു.
എന്നാൽ, നഗരസഭയുടെ 2019 - 2020 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൗൺസിൽ തീരുമാനവും ഡി.പി.സി അംഗീകാരവും ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിച്ചും ഗുണനിലവാര പരിശോധന നടത്തിയുമാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി വ്യക്തമാക്കി.
പുറത്തുനിന്ന് 15 മുതൽ 20 രൂപവരെ നൽകി കുപ്പിവെള്ളം വാങ്ങുന്നവർക്ക് കുറഞ്ഞചെലവിലാണ് വാട്ടർ എ.ടി.എമ്മിൽനിന്ന് കുടിവെള്ളം നൽകുന്നത്. ഒറ്റയാൾ സമരത്തിന് പിന്നിൽ ലാഭം കൊയ്യുന്ന കച്ചവടക്കാരെ സഹായിക്കുന്നതിനാെണന്നും ചെയർപേഴ്സൻ കുറ്റപ്പെടുത്തി. വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോഗ്യവകുപ്പിെൻറ കെടുകാര്യസ്ഥതക്കെതിരെ കലക്ടർക്കു പരാതി നൽകിയെന്ന് വി.എ. പ്രഭാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.